പിടിവിട്ട് കോഴിക്കോട് റൂറൽ മേഖലകൾ, ലഹരി ഡോസ് കൂടി മരിച്ചു കിടക്കുന്ന യുവാക്കൾ, അഴിഞ്ഞാടുന്ന ഗുണ്ടാ-മാഫിയകൾ

പൊലീസ് ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് തിരക്കിലായതോടെ കോഴിക്കോട് റൂറല്‍ മേഖലയില്‍ ലഹരി^ഗൂണ്ടാ മാഫിയകളുടെ അഴിഞ്ഞാട്ടം. 
Intoxicants and goonda mafias rampant in Kozhikode rural area

കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് തിരക്കിലായതോടെ കോഴിക്കോട് റൂറല്‍ മേഖലയില്‍ ലഹരി^ഗൂണ്ടാ മാഫിയകളുടെ അഴിഞ്ഞാട്ടം. മരണക്കെണിയൊരുക്കുന്ന അമിത ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജില്ലയില്‍ രാസലഹരി കേസുകളിലും കഞ്ചാവ് പിടികൂടുന്നതിലും വര്‍ധനയാണുളളത്.

ആശങ്കയുടെ മുള്‍മുനയിലാണ് കോഴിക്കോട് ഗ്രാമീണ മേഖല. എംഡിഎംഎ, എല്‍എസ്‍ഡി പോലുളള രാസലഹരികളുടെ കടത്തും വില്‍പ്പനയും സജീവം. ബ്രൗണ്‍ ഷുഗര്‍, ഹാഷിഷ്, ഹെറോയിന്‍, കഞ്ചാവ് കളളക്കടത്തും നിര്‍ബാധം തുടരുന്പോള്‍ തെരഞ്ഞെടുപ്പ് തിരക്കുളളതിനാല്‍ കാര്യമായി ഇടപെടാന്‍ പൊലീസിന് കഴിയുന്നില്ല. ലഹരിയുമായി ബന്ധപ്പെട്ട് മാത്രം നാല് മാസത്തിനിടെ 96 കേസുകള്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തു. 

ഇതിലധികവും എം‍ഡിഎംഎ കേസുകള്‍. എക്സൈസിന്‍റെ കണക്കുപ്രകാരം ലഹരി കടത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 91 പേര്‍ അറസ്റ്റിലായി. 45 കിലോ കഞ്ചാവും ജില്ലയില്‍ പിടിച്ചെടുത്തു. ലഹരി ഉപയോഗിച്ചുളള അക്രമങ്ങളും വര്‍ധിച്ചുവരുന്നു. അമിത ലഹരി ഉപയോഗം മൂലമുളള മരണവും കൂടുന്നു. വടകരയില്‍ ആളില്ലാത്ത പറന്പില്‍ രണ്ടു യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയതാണ് ഒടുവിലത്തെ സംഭവം. കൊയിലാണ്ടിയിലും സമാന രീതിയില്‍ യുവാവ് മരിച്ചിരുന്നു. 

സെപ്തംബറില്‍ വടകര കൈനാട്ടിയിലെ മേല്‍പ്പാലത്തിനടിയില്‍ ഫാസിലെന്ന യുവാവ് മരിച്ചതില്‍ വിജീഷ് എന്നയാളെ പൊലീസ് ഇന്നലെ പിടികൂടി. മയക്കുമരുന്ന് അമിതമായി കുത്തിവെച്ചതായിരുന്നു മരണകാരണം. അവശ നിലയിലായ ഫാസിലിനെ ആശുപത്രിയില്‍ എത്തിക്കുന്നതിനു പകരം വിജീഷും മറ്റു രണ്ടുപേരും മേല്‍പ്പാലത്തിനടിയില്‍ ഉപേക്ഷിച്ചു. 

വടകര ഭാഗത്ത് മയക്കുമരുന്ന് എത്തിക്കുന്ന കണ്ണിയുടെ ഭാഗമാണ് വിജീഷ് എന്നും ആരോപണം ഉണ്ട്. ലഹരി കേസുകളില്‍ മിക്കപ്പോഴും പിടിയിലാകുന്നത് ഉപഭോക്താക്കളും ചെറുകിട വില്‍പ്പനക്കാരും മാത്രമാണ്. വന്‍തോതില്‍ ലഹരി ഇടപാട് നടത്തുന്നവരെ പിടികൂടാന്‍ പൊലീസിനു കഴിയുന്നില്ല.

താമരശേരി ഭാഗങ്ങളില്‍ മണല്‍ മാഫിയ- ഗൂണ്ട സംഘങ്ങളും സജീവമാണ്. കുടുക്കിലുമ്മാരത്ത് വ്യാപാരി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും രണ്ടു വീടുകള്‍ തകര്‍ക്കുകയും ചെയ്ത ഗുണ്ടാ സംഘത്തില്‍പ്പെട്ട ഫിറോസിന്‍റെ വീടിനു നേരെ ശനിയാഴ്ച രാത്രി ആക്രമണം ഉണ്ടായി. എതിര്‍ ചേരിയിലുളള ലഹരി മാഫിയ സംഘത്തിലെ പ്രധാനിയായ അയ്യൂബിനെ കാപ്പ ചുമത്തി നാടു കടത്താന്‍ നോട്ടീസ് നല്‍കിയതിനു പിന്നാലെയായിരുന്നു ആക്രമണം. 

പരപ്പന്‍പൊയിലില്‍ പൊലീസ് നോക്കി നില്‍ക്കെ നൗഷാദ് എന്നയാളുടെ വീട് കയറി ഗുണ്ടകള്‍ ആക്രമണം നടത്തിയതും നാടിനെ ആശങ്കയിലാഴ്ത്തിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെല്ലാം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ആയതിനാല്‍ ക്രമസമാധാന പാലനത്തിന് ആളില്ലാത്ത അവസ്ഥയാണെന്ന് വിമര്‍ശനം പൊലീസിനെതിരെ ഉയര്‍ന്നു കഴിഞ്ഞു.

സംശയം തോന്നാതിരിക്കാൻ യാത്ര ബസിൽ, അതും 2 റൂട്ടിൽ; എല്ലാ പ്ലാനും പൊളിഞ്ഞ് രണ്ടുപേരും പിടിയിലായത് 40 ലക്ഷവുമായി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios