സംസ്ഥാന പ്രസിഡൻ്റ് സിപിഎം നേതൃത്വവുമായി രഹസ്യബാന്ധവം പുലര്‍ത്തുന്നുവെന്ന പരാതിയുമായി ഐഎൻടിയുസിയിൽ ഒരു വിഭാഗം

തിരുവനന്തപുരം: ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റ് ആര്‍ ചന്ദ്രശേഖറിനെതിരെ സംഘടനയില്‍ വീണ്ടും പടയൊരുക്കം. സിപിഎം നേതൃത്വവുമായി രഹസ്യബാന്ധവം പുലര്‍ത്തുന്നുവെന്ന പരാതിയുമായി ഒരു സംഘം നേതാക്കള്‍ കേന്ദ്രനേതൃത്വത്തെ സമീപിച്ചു. പരാതികള്‍ അന്വേഷിക്കുന്ന രണ്ടംഗ സമിതി കേരള നേതാക്കളില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ തേടി. അതേസമയം മുന്‍ പ്രസിഡന്‍റിന്‍റെ സമാന്തര പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര നേതാക്കള്‍ അന്വേഷിച്ചതെന്നാണ് ആര്‍ ചന്ദ്രശേഖറിന്‍റെ വിശദീകരണം

കഴിഞ്ഞ 17 വര്‍ഷമായി ഐഎന്‍ടിയുസിയുടെ തലപ്പത്തുള്ള നേതാവാണ് ആര്‍ ചന്ദ്രശേഖര്‍. ഇദ്ദേഹം അധ്യക്ഷനായി എത്തിയത് മുതല്‍ സംഘടനയില്‍ തമ്മിലടിയാണ്. കശുവണ്ടി ഇറക്കുമതി കേസില്‍ പ്രതിയായതിന് ശേഷം ചന്ദ്രശേഖര്‍ സിപിഎമ്മുമായി രഹസ്യ ബാന്ധവം പുലര്‍ത്തുന്നുവെന്നും സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നില്ലെന്നുമാണ് മറുപക്ഷത്തിന്‍റെ പരാതി. സംസ്ഥാന കമ്മിറ്റി ഓഫിസ് നിര്‍മാണത്തിന്‍റെ പേരില്‍ അഴിമതി നടത്തിയെന്നും ആരോപിച്ച് കേന്ദ്ര നേതൃത്വത്തിന് പരാതിപ്പെട്ടു. ഇതേതുടര്‍ന്ന് ദേശീയ നേതാക്കളായ സിപി സിങ്, അമിത് യാദവ് എന്നിവര്‍ അന്വേഷണത്തിനായി തിരുവനന്തപുരത്തെത്തി. 

കഴിഞ്ഞ മൂന്നുദിവസങ്ങളിലായി ഒട്ടേറെ നേതാക്കളോട് കേന്ദ്ര നേതാക്കൾ സംസാരിച്ചു. കശുവണ്ടി ഇറക്കുമതി കേസില്‍ ചന്ദ്രശേഖര്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇത്തരത്തിലൊരാള്‍ സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്ത് തുടരുന്നത് അയോഗ്യതയാണെന്ന് ഒരു വിഭാഗം നേതാക്കള്‍ സമിതിക്ക് മുമ്പാകെ പറഞ്ഞു. എന്നാല്‍ മുന്‍ അധ്യക്ഷന്‍ സുരേഷ് ബാബു ഉള്‍പ്പടെ ഒരു വിഭാഗം നേതാക്കള്‍ സംസ്ഥാനത്ത് സമാന്തര പ്രവര്‍ത്തനം നടത്തുകയണെന്നും ഇത് അവസാനിപ്പിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനാണ് കേന്ദ്രനേതാക്കള്‍ എത്തിയതെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. തിരുവനന്തപുരം ഈഞ്ചക്കലില്‍ നിര്‍മ്മിക്കുന്ന സംസ്ഥാന കമ്മിറ്റി ഓഫിസിനെതിരെ പോലും ഇവര്‍ വ്യാജ പരാതി നല്‍കിയെന്നും സംഘടനയെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണെന്നും വിശദീകരിക്കുന്നു. ആശ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണ നല്‍കാത്തതിന്‍റെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വം വിമര്‍ശിച്ചപ്പോഴാണ് ചന്ദ്രശേഖര്‍ ഇന്നലെ നിലപാട് തിരുത്തിയതെന്നും സിപിഎമ്മുമായി സഹകരിച്ച് പോവുകയാണ് ചന്ദ്രശേഖറെന്നുമാണ് ഉയരുന്ന പ്രധാന വിമര്‍ശനം.