സതീശന്‍ പ്രസ്താവന പിന്‍വലിക്കണമെന്ന് ഐഎന്‍ടിയുസി വര്‍ക്കിംഗ് കമ്മിറ്റി അംഗം പി പി തോമസ് പറഞ്ഞു.

കോട്ടയം: പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ (V D Satheesan) ഐഎൻടിയുസി (INTUC) പ്രതിഷേധം. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്‍റെ പോഷകസംഘടനയല്ലെന്ന സതീശന്‍റെ പരാമര്‍ശത്തിനെതിരെയാണ് തൊഴിലാളികള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്. കോട്ടയം ചങ്ങനാശ്ശേരി ടൌണിലാണ് തൊഴിലാളികള്‍ പ്രതിഷേധിക്കുന്നത്. സതീശന്‍ പ്രസ്താവന പിന്‍വലിക്കണമെന്ന് ഐഎന്‍ടിയുസി വര്‍ക്കിംഗ് കമ്മിറ്റി അംഗം പി പി തോമസ് പറഞ്ഞു. ഇക്കാലമത്രയും ഐഎന്‍ടിയുസി കോണ്‍ഗ്രസിനൊപ്പമാണ്. സതീശന്‍ തള്ളിപ്പറഞ്ഞത് അംഗീകരിക്കാനാവില്ലെന്നും പി പി തോമസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസിലേക്ക് തൊഴിലാളി സംഘടനകൾ നടത്തിയ മാർച്ചിനെക്കുറിച്ച് പ്രതികരിക്കവേയായിരുന്നു സതീശൻ ഐഎന്‍ടിയുസിയെ തള്ളിപ്പറഞ്ഞത്. ഐഎൻടിയുസി കോൺഗ്രസിന്‍റെ പോഷക സംഘടനയല്ല, മറിച്ച് ചേർന്ന് പ്രവർത്തിക്കുന്ന സംഘടനയാണെന്നായിരുന്നു സതീശന്‍റെ പരാമര്‍ശം. അതേസമയം വി ഡി സതീശൻ്റെ പരാമർശം ചർച്ച ചെയ്യാന്‍ ഐഎൻടിയുസി ജില്ലാ പ്രസിഡൻ്റുമാരുടെ യോഗം സംസ്ഥാന പ്രസിഡന്‍റ് ആർ ചന്ദ്രശേഖരൻ വിളിച്ചു. ഇന്ന് വൈകിട്ട് 8 മണിക്ക് ഓൺലൈനിലാണ് യോഗം ചേരുക.