സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി അംഗം പ്രകാശ് ബാബുവിനെതിരെയാണ് പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്
പത്തനംതിട്ട: ഗുണ്ടാ നേതാവിന്‍റെ വിവാഹം നടത്താൻ ലോക്കൽ സെക്രട്ടറിയുടെ പേരിൽ ഏരിയ കമ്മിറ്റി അംഗത്തിന്‍റെ ആൾമാറാട്ടം. വിചിത്ര പരാതിയിൽ തിരുവല്ല സിപിഎമ്മിൽ അന്വേഷണം തുടങ്ങി. ഏരിയ കമ്മിറ്റി അംഗം പ്രകാശ് ബാബുവാണ് നെടുമ്പ്രം ലോക്കൽ സെക്രട്ടറിയായി ആൾമാറാട്ടം നടത്തിയതെന്ന പരാതി ഉയര്‍ന്നത്. ഈ മാസം ആദ്യമാണ് അമ്പലപ്പുഴ സ്വദേശിയായ പെൺകുട്ടിയുടെ വീട്ടിൽ നെടുമ്പ്രം ലോക്കൽ സെക്രട്ടറി എന്ന വ്യാജേന ഏരിയ കമ്മിറ്റി അംഗമായ പ്രകാശ് ബാബു എത്തിയത്. പൊടിയാടി സ്വദേശിയായ ഗുണ്ടാ നേതാവിന്‍റെ വിവാഹം നടത്താനായിരുന്നു ആൾമാറാട്ടം. പെൺകുട്ടിയുടെ വീട്ടുകാരോട് സംസാരിച്ച് ഗുണ്ടാ നേതാവിന് പ്രകാശ് ബാബു ക്ലീൻചീറ്റും നൽകി.
എന്നാൽ, സംശയം തോന്നിയ പെൺകുട്ടിയുടെ വീട്ടുകാർ സിപിഎം തിരുവല്ല ഏരിയ സെക്രട്ടറിയെ ബന്ധപ്പെട്ടു. തുടര്‍ന്ന് അമ്പലപ്പുഴയിലെ പെൺകുട്ടിയുടെ വീട്ടിൽ യഥാർത്ഥ ലോക്കൽ സെക്രട്ടറിയെയും കൂട്ടി ഏരിയ സെക്രട്ടറി എത്തി. ഏരിയാ സെക്രട്ടറിയുടെ ഫോണിലെ ചിത്രങ്ങളിൽ നിന്ന് പ്രകാശ് ബാബുവാണ് വീട്ടിലെത്തിയതെന്ന് പെൺകുട്ടിയുടെ കുടുംബം തിരിച്ചറിഞ്ഞു. ഇതോടെയാണ് ഏരിയാ കമ്മിറ്റി അംഗത്തിന്‍റെ ആൾമാറാട്ടം പുറത്തായത്. ഗുണ്ടാനേതാവിന്‍റെ പശ്ചാത്തലം ബോധ്യമായതോടെ ഫെബ്രുവരി എട്ടിന് തീരുമാനിച്ച വിവാഹത്തിൽ നിന്ന് പെൺകുട്ടിയുടെ കുടുംബം പിന്മാറി. തന്‍റെ പേരിലെ ആൾമാറാട്ടത്തിൽ നടപടി ആവശ്യപ്പെട്ട് യഥാർത്ഥ നെടുമ്പ്രം ലോക്കൽ സെക്രട്ടറി പാർട്ടിക്ക് പരാതി നൽകി.
തുടര്‍ന്നാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ച് സിപിഎം അന്വേഷണം ആരംഭിച്ചത്. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ പാർട്ടി അന്വേഷണം നേരിടുന്ന ആളാണ് ഏരിയ കമ്മിറ്റി അംഗം പ്രകാശ് ബാബു. പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കുന്ന വിവാദങ്ങളിൽ തുടർച്ചയായി പ്രകാശ് ബാബു ഉൾപ്പെടുന്നുണ്ടെങ്കിലും തിരുവല്ലയിലെ മുതിർന്ന സിപിഎം നേതാവിന്‍റെ വിശ്വസ്തനായതിനാൽ തന്നെ നടപടി ഇല്ലാതെ രക്ഷപ്പെടുമെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.

