കഴിഞ്ഞ വർഷം ഇതേ ദിനം ഫ്ലാറ്റിൽ നിന്നിറങ്ങി, പിറ്റേന്ന് ഫോൺ സ്വിച്ച് ഓഫ്; തുമ്പ് കിട്ടാതെ പൊലീസ്, മാമി എവിടെ?
സംസ്ഥാനത്തിന് അകത്തും പുറത്തുമായി അന്വേഷണം നടന്നെങ്കിലും കേസിൽ തുമ്പുണ്ടാക്കാൻ ഇതുവരേയും പൊലീസിനായിട്ടില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ വാദം തുടരുന്നുമുണ്ട്.
കോഴിക്കോട്: കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മുഹമ്മദ് എന്ന മാമിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായിട്ട് ഇന്നേക്ക് ഒരു വർഷം. സംസ്ഥാനത്തിന് അകത്തും പുറത്തുമായി അന്വേഷണം നടന്നെങ്കിലും കേസിൽ തുമ്പുണ്ടാക്കാൻ ഇതുവരേയും പൊലീസിനായിട്ടില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ വാദം തുടരുന്നുമുണ്ട്.
ബാലുശ്ശേരി എരമംഗലം സ്വദേശി മുഹമ്മദ് അട്ടൂരിനെയാണ് കാണാതായത്. കഴിഞ്ഞ വർഷം ഇതേ ദിവസമാണ് മുഹമ്മദ് വൈഎംസിഎ ക്രോസ് റോഡിലെ ഫ്ലാറ്റിൽ നിന്നിറങ്ങിയത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അടുത്ത ദിവസം ഉച്ചയ്ക്ക് അത്തോളി പറമ്പത്ത് വെച്ച് ഫോൺ സ്വിച്ച് ഓഫായതായി കണ്ടെത്തി. പിന്നീടിതുവരെ മാമിക്ക എന്നറിയപ്പെടുന്ന മുഹമ്മദ് അട്ടൂരിനെ കുറിച്ചൊരു വിവരവുമില്ല.
നടക്കാവ് പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. പിന്നീട് മലപ്പുറം എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കൈമാറി. മാമിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. ബിസിനസ് ആവശ്യങ്ങള്‍ക്കായി ഹൈദരാബാദിലും മുംബൈയിലുമൊക്കെ ഇടക്കിടെ മുഹമ്മദ് പോയിരുന്നു. ഇവിടെയെല്ലാം അന്വേഷണ സംഘം എത്തിയെങ്കിലും തുമ്പൊന്നും കിട്ടിയില്ല.
ഇതോടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലെത്തി. തിരോധാനത്തിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയാണെന്നായിരുന്നു ആരോപണം. കോഴിക്കോടിന്‍റെ വ്യാപാര, സാമൂഹിക പരിപാടികളിൽ നിത്യ സാന്നിധ്യമായിരുന്നു മാമി. അന്വേഷണം ഊർജിതമാക്കണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കുടുംബവും നാട്ടുകാരും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം