തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. എസ് പി ഷാനവാസിനാണ് ഇനി മുതല്‍ അന്വേഷണത്തിന്‍റെ ചുമതല. നാര്‍ക്കോട്ടിക് അസിസ്റ്റന്‍റ് കമ്മീഷണര്‍ ഷിന്‍ തറയിലിനെയാണ് മാറ്റിയത്.

അന്വേഷണ സംഘത്തിന്‍റെ തലവനായ ഷാനവാസിനായിരിക്കും ഇനി അന്വേഷണത്തിന്‍റെ പൂര്‍ണചുമതല. കേസില്‍ കുറ്റപത്രം തയാറാക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥനെ മാറ്റിയിരിക്കുന്നത്. ശ്രീറാമിന്‍റെ രക്തപരിശോധന വെെകിയത് സംബന്ധിച്ച് ഷീന്‍ നല്‍കിയ റിപ്പോര്‍ട്ട് ഏറെ വിവാദമായിരുന്നു.എന്നാല്‍, അന്വേഷണ സംഘത്തില്‍ ഷീന്‍ തുടരും.

ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഓടിച്ച കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ പൊലീസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അതേസമയം, കേസിൽ സസ്പെൻഷനിലായ ശ്രീറാം വെങ്കിട്ടരാമനെതിരെ സർക്കാർ വകുപ്പ് തല നടപടി തുടങ്ങിയിരുന്നു.  

15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമന് കഴിഞ്ഞ മാസം 30ന് നോട്ടീസ് അയച്ചിരുന്നു. വിശദീകരണം നൽകിയില്ലെങ്കിൽ തുടർനടപടികളിലേക്ക് കടക്കുമെന്നും നോട്ടീസിൽ അറിയിച്ചിട്ടുണ്ട്.

വാഹനപകട കേസിൽ റിമാൻഡിലായതിന് പിന്നാലെ സർവേ ഡയറക്ടർ സ്ഥാനത്ത് നിന്ന് ശ്രീറാമിനെ സസ്പെൻഡ് ചെയ്തിരുന്നു. അഖിലേന്ത്യാ സർവ്വീസ് ചട്ടപ്രകാരമാണ് ശ്രീറാം വെങ്കിട്ടരാമനെ ചീഫ് സെക്രട്ടറി സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. ഓഗസ്റ്റ് മൂന്ന് പുലർച്ചെയാണ് കെ എം ബഷീർ കൊല്ലപ്പെടുന്നത്.

അമിതവേഗത്തിലെത്തിയ വാഹനമിടിച്ച് ബഷീർ തെറിച്ചു പോകുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ ബഷീർ മരിച്ചു. ഇതിന് ശേഷം നടന്ന കാര്യങ്ങൾ ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. മദ്യപിച്ചെന്ന് ബോധ്യപ്പെട്ടിട്ടും ശ്രീറാമിനെ രക്തപരിശോധനയ്ക്ക് വിധേയമാക്കാത്തത് പൊലീസിന്റെ വീഴ്ചയായി കോടതി വിലയിരുത്തുന്നു.