കാസര്‍കോട്: എം സി കമറുദീൻ എംഎൽഎ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുകളിൽ അന്വേഷണ സംഘത്തെ വിപുലീകരിച്ചു. ക്രൈംബ്രാഞ്ചിനൊപ്പം ഐപിഎസ് ഉദ്യോഗസ്ഥരെയും ചേർത്താണ് അന്വേഷണ സംഘത്തെ വിപുലപ്പെടുത്തിയത്. കാസർകോട് എസ്പി ഡി ശിൽപ്പ,  കൽപ്പറ്റ എഎസ്‍പി വിവേക് കുമാർ, ഐആര്‍ ബറ്റാലിയൻ  കമാൻഡന്‍റ് നവനീത് ശർമ എന്നിവരെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി.

ക്രൈംബ്രാഞ്ച് അന്വേഷണത്തെ സഹായിക്കാനാണ് പൊലീസ് സംഘം. ക്രൈംബ്രാഞ്ച് ഐ ജി ഗോപേഷ് അഗർവാൾ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. അതിനിടെ നിക്ഷേപകരുടെ പരാതിയിൽ എം സി കമറുദ്ദീനെതിരെ അഞ്ച് വഞ്ചന കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ എംഎൽഎ ക്കെതിരെ 68 വഞ്ചന കേസുകളായി.