സിഎംആർഎൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് 242 അക്കൗണ്ടുകളിലായി 18.36 കോടി രൂപ മരവിപ്പിച്ചു. വീണ ടിക്ക് പുറമെ പണം കൈപ്പറ്റിയ മറ്റുള്ളവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമ്പോൾ, ഇഡി റെയ്ഡിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നതിനെതിരെ രാഷ്ട്രീയ ആരോപണങ്ങൾ ഉയരുന്നുണ്ട്.
തിരുവനന്തപുരം: സിഎംആർഎൽ കേസുമായി ബന്ധപ്പെട്ട് 242 അക്കൗണ്ടുകളിലായി 18.36 കോടി മരവിപ്പിച്ചെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. വിവിധ ഇടങ്ങളിലെ പരിശോധനയിൽ കണ്ടെത്തിയ ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റിയ മറ്റുള്ളവർക്ക് എതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ അക്കൗണ്ട് വിവിധ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയുടേതാണ്. വീണ ടിയുടെ മാത്രമല്ലെന്നും ഇ ഡി അറിയിച്ചു.
അതേസമയം, കേരളത്തിലെത്തിയിട്ടും ഇഡി റെയ്ഡിൽ മുഖ്യമന്ത്രി വി ഡി സതീശൻ മൗനം തുടരുകയാണ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിലെ ഇഡി റെയ്ഡും അനുബന്ധ സംഭവങ്ങളെയുക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കാണ് മുഖ്യമന്ത്രി പ്രതികരിക്കാതിരുന്നത്. നേരത്തെ ദില്ലിയിലും ഇത് സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറിയിരുന്നു. റെയ്ഡിന് പിന്നിൽ വിഡി-ഇഡി-മോദി കൂട്ടുകെട്ടാണെന്ന് പ്രതിപക്ഷം നിരന്തരം ആരോപണമുന്നയിച്ചിരുന്നു. വി ഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പിന്നാലെയാണ് റെയ്ഡെന്നും പ്രതിപക്ഷം ആരോപിച്ചു. ഇതേ കേസിൽ മന്ത്രിസഭയിലെ രണ്ട് അംഗങ്ങൾക്കെതിരെയും ആരോപണമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് എന്നിവരും ആരോപിച്ചിരുന്നു.
മുഖ്യമന്ത്രി ഇന്ന് ദേശത്തെ വീട്ടിൽ തുടരുമെന്നും ഇന്ന് രാവിലെ ആറുമണിക്ക് മലപ്പുറത്തേക്ക് തിരിക്കുമെന്നുമാണ് വിവരം. രാവിലെ 9.30 സാദിഖ് അലി തങ്ങളെ പാണക്കാട്ടെ വീട്ടിൽ സന്ദർശിക്കും. ഉച്ചക്ക് ശേഷം മൂന്നിന് കോഴിക്കോട് നടക്കുന്ന എം.പി വീരേന്ദ്ര കുമാർ അനുസ്മരണ ചടങ്ങിലും പങ്കെടുക്കും. 4.30ന് കോഴിക്കോട് പൗരാവലിയുടെ സ്വീകരണത്തിന് ശേഷം തിരുവനന്തപുരത്തേക്ക് തിരിക്കും.


