കൊച്ചി: യുണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്ന സുരേഷിന് വാങ്ങി നൽകിയ മൊബൈൽ ഫോണുകൾ ആര്‍ക്കൊക്കെ കിട്ടിയെന്ന കാര്യത്തിൽ ദുരൂഹത നീങ്ങുന്നു. യുഎഇ ദേശീയ ദിനത്തിൽ സ്വപ്ന സുരേഷ് സമ്മാനമായി നൽകിയെന്ന ആരോപണത്തിൽ രാഷ്ട്രീയ വിവാദംആഞ്ഞടിക്കുന്പോഴാണ് മൊബൈൽ ഫോണുകൾ കൈപ്പറ്റിയവരുടെ മുഴുവൻ വിവരങ്ങളും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചത്. 

സന്തോഷ് ഈപ്പൻ ആകെ വാങ്ങിയത് 7 മൊബൈൽ ഫോണുകളാണെന്നാണ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ വിവരം. അഞ്ച്  ഉടമകളുടെ വിവരങ്ങൾ മൊബൈൽ കമ്പനികൾ ഇഡിക്ക് കൈമാറിയിട്ടുണ്ട്. പരസ്യ കമ്പനി ഉടമ പ്രവീൺ , എയർ അറേബ്യ മാനേജർ പത്മനാഭ ശർമ്മ, എം ശിവശങ്കർ , സന്തോഷ് ഈപ്പൻ,  കോൺസുൽ ജനറൽ എന്നിവരാണ് അഞ്ച് പേർ. അഡീഷണൽ പ്രോട്ടോകോൾ ഓഫീസർ രാജീവൻ, കൊല്ലം സ്വദേശി ജിത്തു എന്നിവരാണ് ബാക്കി 2 ഫോണുകൾ ഉപയോഗിക്കുന്നത്. ഇവരുടെ കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ഇ ഡി പറയുന്നത്. 

കോൺസുൽ ജനറലിന് ആദ്യം നൽകിയ  ഫോൺ തിരികെ നൽകി. പകരം പുതിയത് വാങ്ങി നൽകി. കോൺസുൽ ജനറൽ മടക്കി നൽകിയ ഫോൺ ഉപയോഗിക്കുന്നത് യുണിടാക് ഉടമ സന്തോഷ് ഈപ്പൻ തന്നെയാണ്.  1.19 ലക്ഷം രൂപായാണ് ഈ ഫോണിന്‍റെ വില. ഏറ്റവും വിലകൂടിയ ഫോൺ ആര്‍ക്ക് കിട്ടിയെന്ന രാഷ്ട്രീയ വിവാദങ്ങൾ മുറുകുന്നതിനിടെയാണ് ഫോണുകൾ കൈവശമുള്ളവരുടെ കാര്യത്തിൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തത വരുന്നത്.