മർദ്ദനത്തിന്‍റെ അടയാളം വയറ്റിലുണ്ടെന്ന് പോസ്റ്റ്‍മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ഗർഭിണിയായ ഫസീലയെ നാഭിയിൽ ഭർത്താവ് നൗഫൽ ചവിട്ടിയെന്നാണ് പൊലീസ് പറയുന്നത്
തൃശൂര്‍: ഇരിങ്ങാലക്കുടയിൽ ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റിൽ. കാരുമാത്ര സ്വദേശിനി ഫസീലയെ (23) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഫസീലയുടെ ഭര്‍ത്താവ് നൗഫൽ (29) ഭര്‍തൃമാതാവ് റംലത്ത് (55) എന്നിവരാണ് അറസ്റ്റിലായത്.
കേസിൽ നേരത്തെ നൗഫലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഫസീല രണ്ടാമത് ഗർഭിണിയായതിന്‍റെ പേരിൽ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് പരാതി. ഫസീലയുടെ നാഭിയിൽ ചവിട്ടിയതിന് പോസ്റ്റ്‍മോര്‍ട്ടത്തിൽ തെളിവ് ലഭിച്ചു. ഗർഭിണിയായ ഫസീലയെ നാഭിയിൽ ഭർത്താവ് നൗഫൽ ചവിട്ടിയെന്നാണ് കണ്ടെത്തൽ.
മർദ്ദനത്തിന്‍റെ അടയാളം വയറ്റിലുണ്ടെന്ന് പോസ്റ്റ്‍മോര്‍ട്ടത്തിലെ പ്രാഥമിക സൂചന. ഇവരുടെ ആദ്യത്തെ കുഞ്ഞിന് ഒരു വയസ് തികയുമ്പോഴേക്കും രണ്ടാമത് ഗർഭിണിയായതിന്‍റെ കുറ്റം ഫസീലയിൽ മാത്രം ചുമത്തിയായിരുന്നു മര്‍ദനം.
ഇന്നലെ ഭർതൃവീട്ടിലെ ടെറസിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഒന്നര വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. കാർഡ് ബോർഡ് കമ്പനിയിലെ ജീവനക്കാരനാണ് നൗഫൽ. ദമ്പതികൾക്ക് ഒരു കുഞ്ഞുണ്ട്. ഫസീല രണ്ടാമത് ഗർഭിണിയായിരുന്നു.
ഒരുപാട് നാളായി ഭർത്താവ് ദേഹോപദ്രവം ചെയ്യുന്നുണ്ടെന്ന് യുവതി ഉമ്മയ്ക്ക് വാട്സ്അപ് സന്ദേശം അയച്ചിരുന്നു. യുവതിയുടെ മരണത്തിൽ ഗാർഹിക പീഡന ആരോപണം ബന്ധുക്കൾ ഉന്നയിക്കുന്നുണ്ട്. ഗർഭിണിയായിരുന്ന സമയത്ത് നൗഫൽ ഫസീലയെ ചവിട്ടിയിരുന്നു. രണ്ടാമത് ഗർഭിണിയായത് അറിഞ്ഞതിന് പിന്നാലെയാണ് ഇയാൾ യുവതിയെ ക്രൂരമായി മർദിച്ചിരുന്നതെന്ന് ഫസീലയുടെ മാതൃ സഹോദരൻ നൗഷാദ് പറഞ്ഞു.



