കണ്ണൂര്‍: സംസ്ഥാനത്ത് ട്രാഫിക് ബോധവൽക്കരണത്തിന് പൊലീസിനായി കെൽട്രോൺ കരാര്‍ ഏറ്റെടുത്ത് നിർമ്മിച്ച ട്രാഫിക് പാർക്കിലും ക്രമക്കേടെന്ന് കണ്ടെത്തൽ. കണ്ണൂരിൽ 35 ലക്ഷം രൂപയുടെ പദ്ധതിയിൽ ചെലവഴിച്ച തുകയ്ക്കുള്ള നിർമ്മാണം നടന്നില്ലെന്നാണ് വിജിലൻസ് കണ്ടെത്തല്‍. സംഭവത്തില്‍ വിശദാന്വേഷണത്തിന് വിജിലന്‍സ് ശുപാർശ ചെയ്തിരിക്കുകയാണ്.  ഉദ്ഘാടനത്തിന് മുൻപേ തകർന്ന് തുടങ്ങിയ ട്രാഫിക് പാർക്ക് പൊലീസും ഏറ്റെടുത്തിട്ടില്ല. ഡിജിപി ഉദ്ഘാടനം ചെയ്ത വയനാട്ടിലെ പാർക്കിനെതിരെയും പരാതിയുണ്ട്.

വിദ്യാർത്ഥികൾക്ക് ബോധവൽക്കരണത്തിനായി സിഗ്നൽ സംവിധാനം അടക്കമുള്ള ട്രാഫിക് പാർക്ക് എന്നതായിരുന്നു മൂന്ന് ജില്ലകളിൽ ഒരു കോടി ചെലവിട്ട ട്രാഫിക് പാർക്കിന്‍റെ ലക്ഷ്യം. കണ്ണൂരിൽ 35 ലക്ഷം രൂപ ചെലവിൽ ചാല ഹയർ സെക്കണ്ടറി സ്കൂളിൽ സ്ഥാപിച്ച ട്രാഫിക് പാർക്കില്‍ നിര്‍മ്മിച്ച റോഡിലെ ട്രാഫിക് ചിഹ്നങ്ങൾ മാഞ്ഞു തുടങ്ങി. ബിറ്റുമിനടക്കം ആവശ്യമായവ ചേർക്കാതെ പെയിന്‍റ് അടിച്ചതിന്‍റെ പരിണിത ഫലമാണിതെന്നാണ് കണ്ടെത്തല്‍. കോൺക്രീറ്റിൽ ഉറപ്പിച്ച ചില സിഗ്നൽ കാലുകൾ ഇളകിപ്പോന്നു. ഇരിപ്പിടങ്ങൾ അടക്കം ഇതിനോടകം തകർന്നു തുടങ്ങിയിട്ടുണ്ട്.വിദ്യാർത്ഥികൾക്കായി സ്ഥാപിച്ച ഊഞ്ഞാലടക്കം തകരാറായി തുടങ്ങി.

അതേസമയം ഫണ്ട് ചെലവഴിച്ചതിൽ തങ്ങൾക്ക് ബന്ധമില്ലെന്നാണ് ജില്ലാ പൊലീസ് വിശദീകരിക്കുന്നത്. വിജിലൻസ് പരിശോധിച്ച് ക്രമക്കേടുകൾ കണ്ടെത്തി റിപ്പോർട്ട് നൽകിക്കഴിഞ്ഞു. ഇലക്ട്രോണിക്സ് – ഇലക്ട്രിക്കൽസ് സംവിധാനങ്ങൾ അടക്കം വിശദമായി പരിശോധിക്കണമെന്നാണ് നിർദേശം. വയനാട്ടിലെയും പാലക്കാട്ടെയും പാർക്കുകളും ഇതോടെ സംശയനിഴലിലായി. വയനാട്ടിൽ ഇതിനോടകം പരാതിയുണ്ട്.  കരാറേറ്റെടുത്ത കെൽട്രോൺ നിർമ്മാണ പ്രവർത്തനങ്ങൾ ഉപകരാർ നൽകുകയായിരുന്നു. എന്നാല്‍ മതിയായ പരിപാലനമില്ലാത്തതാണ് പാർക്ക് നശിക്കാൻ കാരണമെന്നാണ് കെൽട്രോണിന്‍റെ വിശദീകരണം.