കണ്ണൂർ: മാഹി സ്വദേശിക്ക് കൊവിഡ് ബാധിച്ചത് സമൂഹ വ്യാപനത്തിലൂടെയാണോ എന്ന് പരിശോധിക്കുകയാണെന്ന് കണ്ണൂർ ജില്ലാ കളക്ടർ ടി വി സുഭാഷ് അറിയിച്ചു. എഴുപത്തിയൊന്നുകാരന് രോഗം വന്നത് എവിടെ നിന്നെന്ന് സ്ഥിരീകരിക്കാനാകുന്നില്ല. ന്യൂമാഹിയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നും കളക്ടർ അറിയിച്ചു.

വിദേശത്തുനിന്നെത്തിയ ആരുമായും മാഹിയിലെ രോഗി സമ്പർക്കത്തിലേർപ്പെട്ടിട്ടില്ല. ഇയാളുെ നില അതീവഗുരുതരമായി തുടരുകയാണെന്ന് പരിയാരം മെഡിക്കൽ ബോർഡ് അറിയിച്ചു. 

അതേസമയം, രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 149 ആയി. കൊവിഡ് ബാധിതരുടെ എണ്ണം 5,194 ആയെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിടുന്ന ഔദ്യോഗിക കണക്ക്, രോഗവ്യാപന സ്ഥിതിയിലും ലോക് ഡൗൺ തുടരുന്ന കാര്യത്തിലും അടുത്ത ഒരാഴ്ചത്തെ കണക്കുകൾ പ്രധാനമെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ രോഗ നിര്‍ണ്ണയ പരിശോധനകൾ കാര്യക്ഷമമാക്കാനും പരിശോധനകളുടെ എണ്ണം കൂട്ടാനും സംസ്ഥാനങ്ങൾക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. 

ലോക് ഡൗൺ കാലാവധി നീട്ടണമെന്ന ആവശ്യം വിവിധ സംസ്ഥാന സര്‍ക്കാറുകൾ മൂന്നോട്ട് വച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ തുടരുന്നത് രോഗ വ്യാപനം തടഞ്ഞ് നിര്‍ത്താൻ അനിവാര്യമാണെന്നാണ് വിദഗ്ധരുൾപ്പെട്ട സമിതിയുടേയും നിലപാട്. രാജ്യത്തിനാകെ ഒരു നയം വേണോ അതോ സംസ്ഥാനങ്ങളുടെ അവസ്ഥയനുസരിച്ച് മാനദണ്ഡങ്ങൾ മാറി നിശ്ചയിക്കണോ എന്ന കാര്യത്തിലും തീരുമാനം എടുക്കേണ്ടതുണ്ട്. 

Read Also: കൊവിഡ് മരണം 149; പരിശോധനകളുടെ എണ്ണം കൂട്ടാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിര്‍ദ്ദേശം...