കോട്ടയത്ത് പി.ജെ.ജോസഫിനെ തന്നെ മല്‍സരിപ്പിക്കാനുളള ശ്രമങ്ങളും കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം ശക്തമാക്കിയിട്ടുണ്ട്.

കോട്ടയം : പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് കോണ്‍ഗ്രസുമായി വച്ചു മാറുന്നതിനെ പറ്റി യുഡിഎഫില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാര സമിതി അംഗവും പി.ജെ.ജോസഫിന്‍റെ മകനുമായ അപു ജോണ്‍ ജോസഫ്. കോട്ടയം സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം കരുക്കള്‍ നീക്കുന്നതിനിടെയാണ് ജോസഫ് ഗ്രൂപ്പ് നയം വ്യക്തമാക്കുന്നത്. ഇതിനിടെ കോട്ടയത്ത് പി.ജെ.ജോസഫിനെ തന്നെ മല്‍സരിപ്പിക്കാനുളള ശ്രമങ്ങളും കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം ശക്തമാക്കിയിട്ടുണ്ട്.

ഒന്നാമനാണ് ചാഴികാടന്‍ എന്ന തലവാചകവുമായി കോട്ടയം പാര്‍ലമെന്‍റില്‍ നിന്ന് രണ്ടാമൂഴത്തിന് തയാറെടുക്കുകയാണ് മാണി ഗ്രൂപ്പുകാരനായ സിറ്റിംഗ് എംപി തോമസ് ചാഴികാടന്‍. ഇടത് സ്ഥാനാര്‍ഥിയായെത്തുന്ന ചാഴികാടനെ തറപറ്റിക്കാന്‍ കൈപ്പത്തി ചിഹ്നത്തിലൊരു കോണ്‍ഗ്രസുകാരന്‍ കോട്ടയത്ത് മത്സരിക്കണമെന്ന ആവശ്യം ജില്ലയിലെ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. എന്നാല്‍ കോട്ടയം വിട്ടൊരു കളിക്ക് തല്‍ക്കാലം കേരള കോണ്‍ഗ്രസില്ലെന്ന് പറയാതെ പറയുകയാണ് പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി അംഗവും പി.ജെ.ജോസഫിന്‍റെ മകനുമായ അപു ജോണ്‍ ജോസഫ്.

സിപിഐ വിട്ട് 'കൈ' പിടിച്ചു, എന്നിട്ടും കോൺഗ്രസിന് രക്ഷയില്ല; ദേവികുളം ബ്ലോക്ക് പഞ്ചായത്തിൽ സിപിഐ

ഇടുക്കി പി.ജെ. ജോസഫിന് കൊടുത്ത് ഡീന്‍ കുര്യാക്കോസിനെ കോട്ടയത്ത് ഇറക്കുമെന്നും പത്തനംതിട്ടയില്‍ നിന്ന് ആന്‍റോ ആന്‍റണിയെ കോട്ടയത്തേക്ക് കൊണ്ടുവന്ന് പകരം പത്തനംതിട്ട ജോസഫ് ഗ്രൂപ്പിന് നല്‍കുമെന്നുമൊക്കെയുളള ചര്‍ച്ചകള്‍ പലതലങ്ങളില്‍ നടക്കുന്നുണ്ടെങ്കിലും അതെല്ലാം അന്തരീക്ഷത്തില്‍ മാത്രമുളള ചര്‍ച്ചകളെന്നും അപു വ്യക്തമാക്കുന്നു.

പി.സി.തോമസും,ഫ്രാന്‍സിസ് ജോര്‍ജും,സജി മഞ്ഞക്കടമ്പനുമടക്കം പാര്‍ലമെന്‍റ് സീറ്റിനായി രണ്ടാം നിര നേതാക്കള്‍ പലരും രംഗത്തു വരാനുളള സാധ്യത കണക്കിലെടുത്താണ് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ.ജോസഫിനെ തന്നെ കോട്ടയത്ത് മല്‍സരിപ്പിക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നത്. എന്നാല്‍ ഈ സാധ്യത തള്ളാനോ കൊള്ളാനോ പാര്‍ട്ടിയിലെയും പിജെയുടെ പിന്‍ഗാമിയായി അറിയപ്പെടുന്ന അപു തയാറല്ല. 

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala Live TV News | Malayalam News Live