Asianet News MalayalamAsianet News Malayalam

ഇസ്രയേലിന്‍റേത് കടന്നുകയറ്റം; കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട് മാറ്റത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി

ഇപ്പോഴുണ്ടായ സാഹചര്യം അതീവഗൗരവതരമാണെന്നും അവിടെ സമാധാനം ഉറപ്പുവരുത്താനുള്ള ഇടപെടലാണ് ഇപ്പോള്‍ നടത്തേണ്ടതെന്നും ഇതില്‍ ഇന്ത്യക്കും ഇന്ത്യാ സര്‍ക്കാരിനും പ്രധാന പങ്കുവഹിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു

Israel Hamas war- Israel encroached to the rights of Palestine; cm pinarayi vijayan accuses central government
Author
First Published Oct 12, 2023, 7:44 PM IST

തിരുവനന്തപുരം: പലസ്തീൻ അവകാശങ്ങൾക്ക് നേരെ ഇസ്രയേലിന്‍റെ കടന്ന് കയറ്റത്തിനെതിരെയായിരുന്നു രാജ്യത്തിന്‍റെ നിലപാടെന്നും അതിൽ നിന്ന് വ്യത്യാസം വന്നത് നിർഭാഗ്യകരമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പലസ്തീൻ വിഷയത്തിൽ പാർട്ടിക്ക് ആശയക്കുഴപ്പം ഇല്ലെന്നായിരുന്നു  മുഖ്യമന്ത്രിയുടെ മറുപടി. ഇക്കാര്യത്തില്‍ കേന്ദ്ര കമ്മിറ്റിക്കോ പാര്‍ട്ടിക്കോ ആശയക്കുഴപ്പമില്ല. ഇസ്രയേല്‍-പലസ്തീന്‍ വിഷത്തില്‍ കാലാകാലങ്ങളായി നമ്മുടെ രാജ്യം സ്വീകരിച്ചുവരുന്ന നിലപാടുണ്ട്. പലസ്തീന്‍റെ അവകാശങ്ങള്‍ക്കുനേരെയുള്ള ഇസ്രയേലിന്‍റെ കടന്നുകയറ്റത്തിനും കൈയ്യേറ്റത്തിനുമെതിരായിരുന്നു ആ നിലപാട്. ഈ നിലപാടില്‍ പിന്നീട് മാറ്റമുണ്ടായി. പലസ്തീന്‍ ജനത ഏതുതരത്തിലുള്ള പീഡനമാണ് എല്ലാകാലത്തും അനുഭവിക്കുന്നതെന്ന് ലോകത്തെല്ലാവര്‍ക്കുമറിയാം. അത്തരമൊരു അവസ്ഥ തുടരണമെന്നല്ല നമ്മള്‍ ആഗ്രഹിച്ചിട്ടുള്ളത്.

ഇന്ത്യയിലെ സര്‍ക്കാരുകള്‍ നേരത്തെ സ്വീകരിച്ച നിലപാട് ആ പലസ്തീന്‍ ജനതക്ക് അനുകൂലമായിട്ടുള്ളതാണ്. അതില്‍നിന്ന് ഇപ്പോള്‍ കുറച്ചു വ്യത്യാസം വന്നുവെന്നത് നിര്‍ഭാഗ്യകരമാണ്. നമ്മുടെ രാജ്യത്തിന് അത്തരമൊരു നിലപാടല്ല ഉണ്ടാകേണ്ടത്. ഇപ്പോഴുണ്ടായ സാഹചര്യം അതീവഗൗരവതരം.  അവിടെ സമാധാനം ഉറപ്പുവരുത്താനുള്ള ഇടപെടലാണ് ഇപ്പോള്‍ നടത്തേണ്ടത്. ഇതില്‍ ഇന്ത്യക്കും ഇന്ത്യാ സര്‍ക്കാരിനും പ്രധാന പങ്കുവഹിക്കാനാകും. ഈ സ്ഥിതി വിശേഷം തുടര്‍ന്നുകൊണ്ടുപോകുന്നതിനല്ല സമാധാനപരമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനുള്ള ഇടപെടലിനാണ് ഇന്ത്യ സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ഐക്യരാഷ്ട്ര സഭയൊക്കെ അംഗീകരിച്ച കാര്യങ്ങള്‍ കൃത്യമായി നടപ്പാക്കാന്‍ ഇന്ത്യക്ക് ഇടപെടല്‍ നടത്താനാകും. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കുമൊക്കെ നേതൃപരമായ പങ്കുവഹിക്കുകയാണ് വേണ്ടത്. യുദ്ധം രൂക്ഷമായ ഇസ്രയേലില്‍ ഇവിടെനിന്നുള്ള ഏഴായിരത്തോളം കുടുങ്ങികിടക്കുന്നുണ്ട്. അവരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ ഇന്ത്യാ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനാണിപ്പോള്‍ പ്രധാന്യം നല്‍കേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു.
Readmore...ഏഷ്യൻ ഗെയിംസ് താരങ്ങളെ അവഗണിച്ചെന്ന പരാതി: കണക്കുകൾ നിരത്തി മുഖ്യമന്ത്രിയുടെ പ്രതിരോധം
 

Follow Us:
Download App:
  • android
  • ios