Asianet News MalayalamAsianet News Malayalam

കേരളീയത്തിന് ആശംസകളുമായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍; 'കേരളീയന്‍ എന്ന നിലയില്‍ ഏറെ അഭിമാനം'

കേരളീയത്തില്‍ നിന്ന് ഉയരുന്ന ചര്‍ച്ചകള്‍ പൊതുഇടങ്ങളിലെല്ലാം ചര്‍ച്ചയാവണമെന്ന് സോമനാഥ്.

isro chairman s somanath says about keraleeyam 2023
Author
First Published Oct 11, 2023, 9:21 PM IST

തിരുവനന്തപുരം: 'കേരളീയം2023' ഭാവി കേരളത്തിന് വഴി തുറക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. കേരളീയം ആഘോഷിക്കുന്ന ഈ സമയത്ത് കേരളത്തിന്റെ ഭാവി വികസന സാധ്യതകളെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നും സോമനാഥ് പറഞ്ഞു. കേരളീയം പരിപാടിക്ക് ആശംസയര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ടൂറിസത്തിന് ഏറ്റവും അനുയോജ്യമായ ഇടമാണ് കേരളം. കൂടാതെ വിദ്യഭ്യാസ, ആരോഗ്യ, ഗവേഷണ മേഖലകളിലും വലിയ സംഭാവനകള്‍ നല്‍കാന്‍ കേരളത്തിന് കഴിയും. സംസ്ഥാനത്തിന്റെ സാമൂഹിക, സാമ്പത്തിക പുരോഗതിക്ക് പുതിയ പാത തുറക്കാന്‍ കേരളീയം 2023ലൂടെ കഴിയും.' കേരളീയത്തില്‍ നിന്ന് ഉയരുന്ന ചര്‍ച്ചകള്‍ പൊതുഇടങ്ങളിലെല്ലാം ചര്‍ച്ചയാവണമെന്നും അദ്ദേഹം പറഞ്ഞു.

സ്പേസ് മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ് തന്റെ ഏറ്റവും വലിയ നേട്ടമെന്നും സോമനാഥ് പറഞ്ഞു. 'ഡോ. വിക്രം സാരാഭായ് തിരുവനന്തപുരത്തെ തുമ്പയില്‍ റോക്കറ്റ് വിക്ഷേപണത്തിന്റെ ആദ്യ ചുവടുവെയ്പുകള്‍ നടത്തിയ ശേഷമാണ് രാജ്യത്തിന്റെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ചത്. അവിടെ പ്രവര്‍ത്തിക്കാന്‍ തനിക്കും കഴിഞ്ഞു. ചന്ദ്രനിലും ചൊവ്വയിലുമൊക്കെ രാജ്യത്തിന്റെ അഭിമാനമുയര്‍ത്താന്‍ സാധിച്ചു. ഒരു ഭാരത പൗരനെന്നതിലപ്പുറം കേരളീയന്‍ എന്ന നിലയിലും ഏറെ അഭിമാനിക്കുന്ന വ്യക്തിയാണ് താന്‍. കേരളത്തിലെ സാധാരണ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ച്, സംസ്ഥാനത്തെ എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിലൂടെ വിദ്യാഭ്യാസം നേടിയ വ്യക്തിയാണ് താന്‍.' കേരളത്തിന്റെ തനതായ നേട്ടങ്ങളില്‍, പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും തൊഴിലിടങ്ങളില്‍ സ്ത്രീ പുരുഷ സമത്വം കൈവരിക്കുന്നതിലുമൊക്കെ നേടിയ പുരോഗതിയില്‍ ഏറെ അഭിമാനമുണ്ടെന്നും സോമനാഥ് പറഞ്ഞു. 

'ലോകത്ത് എവിടെച്ചെന്നാലും ഇന്ന് മലയാളി സാന്നിധ്യം കാണാന്‍ കഴിയും. ശാസ്ത്രം, സാങ്കേതിക വിദ്യ, മാനേജ്മെന്റ്, സംരംഭകത്വം തുടങ്ങിയ മേഖലയിലെല്ലാം മലയാളികള്‍ ലോകത്തിന്റെ പല കോണുകളിലുമെത്തി വ്യക്തിമുദ്ര പതിപ്പിക്കുകയും ഉന്നതമായ സ്ഥാനം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. റോക്കറ്റ് മേഖലയിലെ നേതൃനിരയിലേക്കും ഒട്ടേറെ മലയാളികള്‍ എത്തിയിട്ടുണ്ട്. ഇതെല്ലാം കേരളത്തിന് അഭിമാനിക്കാവുന്ന കാര്യങ്ങളാണെന്നും നവകേരളത്തിന് പുതുവഴി തുറക്കാന്‍  കേരളീയത്തിലെ ചര്‍ച്ചകള്‍ക്ക് കഴിയട്ടെ' എന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ആശംസിച്ചു.

 'ചെങ്ങന്നൂര്‍ ശബരിമലയിലേക്കുള്ള കവാടം'; വന്ദേഭാരതിന് സ്‌റ്റോപ്പ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് സജി ചെറിയാന്‍ 

Follow Us:
Download App:
  • android
  • ios