ആര്‍ബി ശ്രീകുമാര്‍ വ്യക്തിവിരോധം തീര്‍ക്കുകയായിരുന്നുവെന്നാണ് സത്യവാങ്മൂലത്തിലെ നമ്പി നാരായണന്റെ മൊഴി

കൊച്ചി: ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ സിബിഐ എതിർ സത്യവാങ്മൂലം സമർപ്പിച്ചു. കേരള ഹൈക്കോടതിയിലാണ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയ്ക്കെതിരെയാണ് സത്യവാങ്മൂലം സമർപ്പിച്ചത്. പ്രതികൾക്കെതിരെ നമ്പി നാരായണനടക്കമുള്ളവരുടെ മൊഴികൾ സിബിഐ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആര്‍ബി ശ്രീകുമാര്‍ വ്യക്തിവിരോധം തീര്‍ക്കുകയായിരുന്നുവെന്നാണ് സത്യവാങ്മൂലത്തിലെ നമ്പി നാരായണന്റെ മൊഴി. തുമ്പ വിഎസ്എസിയില്‍ കമാന്റന്‍ഡ് ആയി ശ്രീകുമാര്‍ ജോലി നോക്കിയിരുന്നു. അക്കാലത്ത് ബന്ധുവിന് വിഎസ്എസ്സിയില്‍ നിയമനത്തിനായി തന്നെ സമീപിച്ചു. താന്‍ ആവശ്യം നിരസിച്ചത് വൈരാഗ്യത്തിന് കാരണമായി. ആർബി ശ്രീകുമാര്‍ തന്റെ ഓഫീസിലെത്തി അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണി മുഴക്കിയതായും നമ്പി നാരായണന്‍.

പേരൂര്‍ക്കട പോലീസ് ക്ലബ്ബില്‍ താന്‍ ക്രൂര പീഡനത്തിനിരയായതായി ശശികുമാര്‍. പീഡനം നടക്കുമ്പോള്‍ സിബി മാത്യൂസും, ആര്‍ബി ശ്രീകുമാറും പോലീസ് ക്ലബ്ബിലുണ്ടായിരുന്നു. താന്‍ നിലവിളിക്കുമ്പോള്‍ ഇരുവരും പരിഹസിച്ച് ചിരിക്കുകയാണുണ്ടായത്‌. ജയപ്രകാശ്, പൊന്നന്‍, എന്നിവരും മറ്റു ചിലരും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്നും മൊഴിയിലുണ്ട്.