ചാരക്കേസ് വ്യാജം, വിദേശ ശക്തികൾക്ക് ബന്ധം, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം: സിബിഐ
ഐഎസ്ആർഒയിലെ പ്രമുഖ ശാസ്ത്രജ്ഞർക്കെതിരെ കള്ളക്കേസ് ചുമത്താനുള്ള ഗൂഢാലോചനയായിരുന്നു ഇത്. ഗൂഢാലോചന നടത്തിയതിൽ വിദേശ ശക്തികൾക്ക് പങ്കുണ്ടെന്നും സിബിഐ നിലപാടെടുത്തു

ദില്ലി: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ വിദേശ ശക്തികൾക്ക് പങ്കുണ്ടെന്ന് സിബിഐ ഹൈക്കോടതിയിൽ നിലപാടെടുത്തു. ചാരക്കേസ് വ്യാജമായി ഉണ്ടാക്കിയതാണ്. പ്രമുഖ ശാസ്ത്രജ്ഞരെ കള്ളകേസിൽ കുടുക്കി അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധമായാട്ടിണെന്നും കോടതിയെ അറിയിച്ചു. മുൻ ഡിജിപി സിബി മാത്യൂസ്, ആർബി ശ്രീകുമാർ അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്താണ് സിബിഐ നിലപാട് വ്യക്തമാക്കിയത്.
സിബി മാത്യൂസ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും അസിസ്റ്റന്‍റ് സോളിസിറ്റർ ജനറൽ എസ്‌വി രാജു കോടതിയെ അറിയിച്ചു. ഗൂഢാലോചനയിൽ പുതിയ തെളിവുകൾ ലഭിച്ചോയെന്ന് ഹൈക്കോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണെന്നായിരുന്നു സിബിഐ മറുപടി. അതേസമയം ചാരകേസ് ഗൂഢാലോചനയിൽ വിദേശ പങ്കാളിത്തമുണ്ടെന്ന ആരോപണം തെളിവില്ലാതെയാണെന്ന് സിബി മാത്യൂസ് പറഞ്ഞു.
നമ്പി നാരായണൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചത് കൂട്ടായിട്ടാണെന്നും കോടതിയെ അറിയിച്ചു. ഒന്നാം പ്രതി വിജയൻ, രണ്ടാം പ്രതി തമ്പി എസ് ദുർഗാദത്ത്, പതിനൊന്നാം പ്രതിയും മുൻ ഐബി ഉദ്യോഗസ്ഥനുമായ പിഎസ് ജയപ്രകാശ്, മുൻ ഡിജിപി സിബി മാത്യൂസ്, ആർബി ശ്രീകുമാർ അടക്കമുള്ളവരാണ് മുൻകൂർ ജാമ്യ ഹർജി നൽകിയത്. പ്രതികൾക്ക് നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നെങ്കിലും സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു.