Asianet News MalayalamAsianet News Malayalam

അത് നാക്ക് പിഴ,ഭരണകൂടമെന്നത് ഭരണഘടനയായി-സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ സജി ചെറിയാന്‍റെ വിശദീകരണം

ഇതേ നിലപാട് ആയിരുന്നു ഇന്നലെ മന്ത്രി നിയമസഭയിലും സ്വീകരിച്ചത്. പ്രസംഗിച്ചതിൽ ഉറച്ച് നിൽക്കുന്നുവെന്ന് ഇന്നലെ പറയാതെ പറഞ്ഞ സജി ചെറിയാൻ തന്‍റെ വാക്ക് ആരേലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ അതിൽ ഖേദവും ദുഖവും രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്

It is tongue slip , the administration has become the constitution - Saji Cherian's explanation at the CPM state secretariat
Author
Thiruvananthapuram, First Published Jul 6, 2022, 12:29 PM IST

തിരുവനന്തപുരം : മല്ലപ്പളളിയിലെ പ്രസംഗത്തിൽ സംഭവിച്ചത് നാക്ക്പിഴയെന്ന്(slip of tongue) മന്ത്രി സജി ചെറിയാൻ(saji cheriyan). വിമർശിക്കാൻ ശ്രമിച്ചത് ഭരണകൂടത്തെ. എന്നാൽ നാവ് പിഴ സംഭവിച്ച് അത് ഭരണഘടനയായി. ഇതാണ് സജി ചെറിയാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ നൽകിയ വിശദീകരണം. 

 

ഇതേ നിലപാട് ആയിരുന്നു ഇന്നലെ മന്ത്രി നിയമസഭയിലും സ്വീകരിച്ചത്. പ്രസംഗിച്ചതിൽ ഉറച്ച് നിൽക്കുന്നുവെന്ന് ഇന്നലെ പറയാതെ പറഞ്ഞ സജി ചെറിയാൻ തന്‍റെ വാക്ക് ആരേലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ അതിൽ ഖേദവും ദുഖവും രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. 

വിവാദം ചർച്ച ചെയ്യാൻ ചേർന്ന സി പി എം സെക്രട്ടേറിയറ്റ് യോഗത്തിൽ എത്തുമ്പോൾ ഒന്നും പ്രതികരിക്കാതെ കയറിപ്പോയ സജി ചെറിയാൻ തിരിച്ചിറങ്ങുമ്പോൾ പ്രതികരിച്ചത് എന്തിന് രാജി , പറയാനുളളതൊക്കെ ഇന്നലെ പറഞ്ഞു എന്നായിരുന്നു. കോടതിയിൽ വിഷയം എത്താത്ത സാഹചര്യത്തിൽ രാജി തൽകാലം വേണ്ടെന്നാണ് സി പി എം യോഗ തീരുമാനമെന്നാണ് സൂചന

ഇന്നലത്തെ വിശദീകരണം ഇങ്ങനെ


മല്ലപ്പള്ളിയില്‍ നടന്ന പരിപാടിയില്‍ ഞാന്‍ ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണ്. നമ്മുടെ ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ ഉദാത്തമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന പൊതുപ്രവര്‍ത്തകനാണ് ഞാന്‍. ഞാനുള്‍പ്പെടുന്ന പ്രസ്ഥാനം നമ്മുടെ ഭരണഘടനയെയും അതില്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള മൂല്യങ്ങളെയും സംരക്ഷിക്കണമെന്ന ആവശ്യം രാജ്യത്തെമ്പാടും ഉയര്‍ത്തിപ്പിടിക്കുന്നവരുടെ മുന്‍പന്തിയിലാണ്.

നമ്മുടെ ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങള്‍ സാമൂഹ്യനീതിയും സാമ്പത്തിക സുരക്ഷയും എല്ലാവര്‍ക്കും ഉറപ്പുവരുത്തണമെന്ന് നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഇവ നടപ്പിലാക്കിക്കിട്ടണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനുള്ള അവകാശം ഭരണഘടനയില്‍ എഴുതി ചേര്‍ക്കപ്പെട്ടിട്ടില്ല. രാജ്യത്തെ ചൂഷണം ചെയ്യപ്പെടുന്ന ജനകോടികള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങള്‍ക്ക് കൂടുതല്‍ ശാക്തീകരണം അനിവാര്യമാണ്. അല്ലെങ്കില്‍ വര്‍ദ്ധിച്ചു വരുന്ന അസമത്വങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതില്‍ ഭരണഘടനയ്ക്ക് ശക്തിയുണ്ടാവില്ല എന്ന ആശങ്കയാണ് ഞാന്‍ എന്റേതായ വാക്കുകളില്‍ പ്രകടിപ്പിച്ചത്. ഒരിക്കല്‍പ്പോലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ അതിനെതിരായ കാര്യങ്ങള്‍ പറയാനോ ഞാന്‍ ഉദ്ദേശിച്ചിട്ടേയില്ല.

സ്വതന്ത്ര ഭാരത്തില്‍ ഭരണകൂട സംവിധാനങ്ങള്‍ ഈ തത്വങ്ങള്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ ഫലമായി സാമ്പത്തിക - സാമൂഹിക അസമത്വങ്ങള്‍ വളരെ വര്‍ദ്ധിക്കുകയാണുണ്ടായത്. നിര്‍ദ്ദേശകതത്വങ്ങള്‍ക്ക് ഊടും പാവും നല്‍കുന്ന നിയമനിര്‍മ്മാണം നടത്താന്‍ ശ്രമം നടത്തിയ ഇടതുപക്ഷ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളെ ഭരണഘടനയുടെ വകുപ്പുകള്‍ തന്നെ ദുരുപയോഗം ചെയ്തുകൊണ്ട് അട്ടിമറിച്ച അനുഭവവും നമുക്കു മുന്നിലുണ്ട്.

ഭരണ ഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷത, ജനാധിപത്യം, ഫെഡറല്‍ ഘടന, എന്നീ തത്വങ്ങള്‍ കടുത്ത വെല്ലുവിളിയാണ് വര്‍ത്തമാനകാലത്ത് നേരിട്ടുകൊണ്ടിരിക്കുന്നത്.

തൊഴിലാളികള്‍ക്ക് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് നിലവിലുണ്ടായിരുന്ന നിമയങ്ങളെല്ലാം റദ്ദാക്കിക്കൊണ്ട് ലേബര്‍ കോഡുകള്‍ രാജ്യത്ത് അടിച്ചേല്‍പ്പിച്ചത് കൊടിയ ചൂഷണത്തിന് വഴിവെയ്ക്കും എന്നാണ് ഞാന്‍ ചൂണ്ടിക്കാണിച്ചത്. ഇതെല്ലാം രാജ്യത്ത് ഭരണത്തിനു നേതൃത്വം കൊടുക്കുന്ന ഭരണകൂട സംവിധാനങ്ങള്‍ സ്വീകരിക്കുന്ന നയങ്ങളുടെ ഫലമാണ്. ഈ നയങ്ങളാണ് ഭരണഘടനയുടെ അന്തഃസത്തയെയും മൂല്യങ്ങളെയും തകര്‍ക്കുന്നത് എന്നാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്.

ഭരണഘടന നിര്‍മ്മാതാക്കളുടെ വീക്ഷണം സാര്‍ത്ഥകമാകാതെ പോയത് ഇതുവരെയുള്ള കേന്ദ്രസര്‍ക്കാരുകളുടെ രാഷ്ട്രീയ ജനവിരുദ്ധ രാഷ്ട്രീയ നയങ്ങളുടെ ഫലമാണ്.
സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷമായിട്ടും നമ്മുടെ രാജ്യത്ത് മഹാഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതി നിഷേധിക്കപ്പെടുന്നത് ചൂണ്ടിക്കാണിക്കണമെന്ന ഒരു പൊതുപ്രവര്‍ത്തകന്റെ കടമ നിര്‍വ്വഹിക്കുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ശക്തിയായി അവതരിപ്പിച്ചപ്പോള്‍ അത് ഏതെങ്കിലും രീതിയില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടാനും ഞാന്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ക്ക് പ്രചാരണം ലഭിക്കാന്‍ ഇടവന്നിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ അതിയായ ദുഃഖവും ഖേദവും പ്രകടിപ്പിക്കുകയാണ്.

Follow Us:
Download App:
  • android
  • ios