തിരുവനന്തപുരം: കൊവിഡ് രണ്ടാം വ്യാപനവും സര്‍ക്കാരിന്‍റെ വാടക നയവും ടെക്നോപാര്‍ക്കിലെ ഐടി കമ്പനികള്‍ക്ക് തിരിച്ചടിയാകുന്നു. വാടകയില്‍ ഇളവില്ലാത്തതിനാല്‍ മുപ്പതോളം കമ്പനികളാണ് ടെക്നോപാര്‍ക്ക് വിട്ടത്. സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഐടി കമ്പനികളുടെ കൂട്ടായ്മയായ ജി ടെക് ആവശ്യപ്പെട്ടു.

കൊവിഡ് ലോക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ടെക്നോപാര്‍ക്കിലെ ഭൂരിഭാഗം കമ്പനികളുടെ ഓഫീസുകളും കാലിയാണ്. ജീവനക്കാര്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. പക്ഷെ ടെക്നോപാര്‍ക്കിലെ ഓഫീസിനുള്ള വാടകയില്‍ ഇളവില്ല. കഴിഞ്ഞ വര്‍ഷം ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ വാടക മാത്രമാണ് ഇളവ് ചെയ്തത്.അതിനു ശേശം ടെക്നോപാര്‍ക്കിലെ ഐടി ഇതര സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് വാടക ഇളവ് നല്‍കിയത്. പ്രതിവര്‍ഷം 5 ശതമാനം വാടക വര്‍ദ്ധനയെന്ന നയത്തില്‍ മാറ്റം വരുത്തിയില്ല.ഏപ്രിലില്‍ പുതുക്കിയ വാടക നിലവില്‍ വന്നു.രണ്ടാം വ്യാപനവും വന്നതോടെ കമ്പനികള്‍ വര്‍ക് ഫ്രം ഹോം സ്ഥിരം സംവിധാനമാക്കിയ സാഹചര്യമാണുള്ളത്. ജീവനക്കാര്‍ വരാത്ത ഓഫീസിന്‍റെ വാടകയും പരിപാലന ചെലവും ചെറിയ ഐടി കമ്പനികള്‍ക്ക് വലിയ ബാധ്യതയാവുകയാണ്

ടെക്നോപാര്‍ക്കിലെ വാടകനയത്തില്‍ മാറ്റം വേണമെന്ന് ഐടി കമ്പിനകളുടെ കൂട്ടായ്മയായ ജി ടെക് സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. കൂടുതല്‍ കമ്പനികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാനായാല്‍ 5 വര്‍ഷം കൊണ്ട് ഐടി മേഖലയിലെ തൊഴിലവസരങ്ങള്‍ ഇരട്ടിയാക്കാനാകും. എന്നാല്‍ ബജറ്റില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങളുണ്ടായില്ല.ബജറ്റ് ചര്‍ച്ചക്കുള്ള മറുപടിയില്‍ ധനമന്ത്രി അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona