മലപ്പുറം: മലപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേരത്തെ തുടക്കം കുറിക്കാനൊരുങ്ങി മുസ്ലീം ലീഗ്. ജില്ലയിലെ 16 മണ്ഡലങ്ങളിലൂടേയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ജാഥ നടത്തും. ശക്തി കേന്ദ്രമായ മലപ്പുറത്ത് കഴിഞ്ഞ തവണ ഒരു സീറ്റില്‍ തോറ്റതും ചില മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കുറഞ്ഞതുമാണ് ഇത്തവണ നേരത്തെ ഒരുങ്ങാൻ ലീഗിനെ പ്രേരിപ്പിച്ചത്.

മലപ്പുറത്തെ 16 മണ്ഡലങ്ങളില്‍ 12 ഇടത്തും മത്സരിക്കുന്നത് മുസ്ലീം ലീഗാണ്. 2011 എല്ലാം മുസ്ലീം ലീഗിന്‍റെ സുരക്ഷിത മണ്ഡലങ്ങളായിരുന്നു. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ താനൂര്‍ മുസീം ലീഗിനെ കൈവിട്ടു. പെരിന്തല്‍മണ്ണയും മങ്കടയും തിരൂരങ്ങാടിയിലും കഷ്ടിച്ച് മാത്രമാണ് വിജയിച്ചത്. 

ആയിരക്കണത്തിനു വോട്ടുകളുടെ ഭൂരിപക്ഷം കിട്ടിയിരുന്ന മഞ്ചേരി, ഏറനാട്,കോട്ടക്കല്‍,തിരൂര്‍ എന്നിങ്ങനെയുള്ള മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. ഈ സാഹചര്യം ഇത്തവണ ഉണ്ടാകാതിരിക്കാനാണ് ജില്ലയിലെ ഏറ്റവും പ്രധാനപെട്ട നേതാവായ സാദിഖലി ശിഹാബ് തങ്ങള്‍ തന്നെ നേരത്തെ തന്നെ പദയാത്രയുമായി വോട്ടര്‍മാരിലേക്ക് ഇറങ്ങുന്നത്.

ചിലയിടങ്ങളിലുള്ള പ്രാദേശിക വിഭാഗീയതകളടക്കമുള്ള വിഷയങ്ങള്‍ പരിഹരിച്ചു മുന്നോട്ടുപോകാൻ സാദിക്കലി തങ്ങളുടെ നേതൃത്വത്തില്‍ തന്നെ ജാഥവേണമെന്ന് ആവശ്യമുയരുകയായിരുന്നു.