കോഴിക്കോട്: വെൽഫയർ പാർട്ടിയുമായി ബന്ധം ഉണ്ടാക്കാനുള്ള ലീഗ് നീക്കത്തിനെതിരെ പാർട്ടിക്കകത്ത് നിന്ന് തന്നെ നീക്കം ശക്തം. നേരത്തെ ഈ ബന്ധത്തെ നിരന്തരം എതിർത്തവർക്ക് പിന്നാലെ യൂത്ത് ലീഗും ബന്ധത്തെ പരസ്യമായി തള്ളിപ്പറഞ്ഞത് ലീഗ് നേതൃത്വത്തിന് തിരിച്ചടിയാകും.  

തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്  വോട്ടുകൾ സമാഹരിക്കാനുള്ള നെട്ടോട്ടത്തിലാണ് മുസ്ലിം ലീഗ്.  അതിന്റെ ഭാഗമായാണ് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയപാർട്ടിയായ വെൽഫയർ പാർട്ടിയുമായി ബന്ധമുണ്ടാക്കാൻ നീക്കം തുടങ്ങിയത്. ആദ്യം ചർച്ച നടക്കുന്നുണ്ടെന്ന് പറഞ്ഞ പികെ കുഞ്ഞാലിക്കുട്ടി പിന്നീടത് നിഷേധിച്ചു. പക്ഷെ നീക്കുപോക്കുകളും ജനകീയസാമ്പാർ മുന്നണികളും ഉണ്ടാക്കാൻ  നിർദ്ദേശിക്കുന്ന രഹസ്യസർക്കുലർ ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.

ലീഗിന്റെ പ്രാദേശികഘടകങ്ങളോട് വെൽഫയർ പാർട്ടിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ നൽകിയ നിർദ്ദേശവും നിലവിലുണ്ട്. എന്നാൽ ഈ നീക്കത്തെ പരസ്യമായി തള്ളിപ്പറയുകയാണ് യൂത്ത് ലീഗ്. വെൽഫയർ പാർട്ടി ബന്ധത്തിന് മുൻകൈ എടുത്ത പികെ കുഞ്ഞാലിക്കുട്ടിയോട് അടുപ്പം  പൂലർത്തുന്ന നേതാവാണ് പികെ ഫിറോസ് എന്നത് ശ്രദ്ധേയമാണ്. നേരത്തെ എം കെ മുനീർ കെ എം ഷാജി തുടങ്ങിയവരടങ്ങിയ  എതിർപക്ഷമാണ്  ഇത്തരം ബന്ധങ്ങളെ എതിർത്തത്. പാർട്ടിക്കകത്ത് പിന്തുണ കിട്ടുന്നില്ലെന്ന് വിലയിരുത്തി പരസ്യമായും അവരത് വിളിച്ച് പറഞ്ഞിരുന്നു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് കൊണ്ടോട്ടിയിൽ വെച്ച് പികെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും  രഹസ്യ ചർച്ച നടത്തിയത് പാർട്ടിക്കകത്ത് വലിയ വിവാദമായിരുന്നു. ഇത്തവണ ഇടത് മുന്നണിക്ക് അനുകൂലമാണ് കാര്യങ്ങളെന്നാണ് മുസ്ലീം ലീഗിന്റെ വിലയിരുത്തൽ. ഏത് വിധേനയും മുസ്ലിം വോട്ടുകളൊന്നിപ്പിക്കുക എന്നതാണ് ലക്ഷ്യം. പക്ഷേ ലീഗിലും കോൺഗ്രസിലും ജമാഅത്ത് , പോപ്പുലർഫ്രണ്ട് വിരുദ്ധരായ വലിയൊരു വിഭാഗമുണ്ട്. അതിന് പുറമെ  നിഷ്പക്ഷ വോട്ടർമാരെയും ലീഗിന്റെ ചാഞ്ചാട്ടം ബാധിക്കും. കയ്ച്ചിട്ടിറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് ലീഗിപ്പോൾ.