തിരുവനന്തപുരം: പൊലീസ് ആക്ട് 118 എയെ നല്ല അര്‍ത്ഥത്തില്‍ എടുക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമര്‍ശത്തിന് രൂക്ഷ പരിഹാസവുമായി  മുന്‍ ഡിജിപി ജേക്കബ് തോമസ്.  പുസ്തകം എഴുതിയതിന് എഫ്ഐആര്‍ ഇട്ട് ക്രൈം ബ്രാഞ്ച് കേസന്വേഷണം ഇപ്പോഴും നടക്കുന്നതിനാല്‍ ഞാന്‍ നല്ല അര്‍ത്ഥത്തില്‍ എടുക്കാമെന്നാണ് ജോക്കബ് തോമസിന്‍റെ പരിഹാസം. 

കുടുംബഭദ്രതയെ പോലും തകർക്കുന്നവിധം മനുഷ്യത്വരഹിതവും നീചവുമായ സൈബർ ആക്രമണം മാധ്യമ പ്രവർത്തനത്തിന്‍റെ മറവിൽ ചിലർ നടത്തിയതിന്‍റെ ദൃഷ്ടാന്തങ്ങൾ ഇവർ സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഒട്ടനവധി കുടുംബങ്ങൾ ഇത്തരം ആക്രമണങ്ങളുടെ ദുരന്തങ്ങൾ അനുഭവിക്കുന്നുണ്ട്. അസത്യം മുതൽ അശ്ലീലം വരെ പ്രയോഗിച്ചുകൊണ്ടുള്ള ആക്രമിച്ചു തകർക്കലായി ഇതുപലപ്പോഴും മാറുന്നുണ്ട്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ, രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ  താൽപര്യങ്ങൾ, എന്നിവയൊക്കെ കുടുംബങ്ങളുടെ സ്വസ്ഥ ജീവിതം തകർക്കുന്ന വിധത്തിലുള്ള പ്രതികാര  നിർവഹണത്തിനായി ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല. 

സൈബർ ആക്രമണങ്ങൾ പലയിടത്തും ദാരുണമായ ദുരന്തങ്ങൾ സൃഷ്ടിക്കുന്നുണ്ട്. സോഷ്യൽ മീഡിയയുടെ, പ്രത്യേകിച്ച് ചില വ്യക്തിഗത ചാനലുകളുടെ അതിരുവിട്ടു ദുരുപയോഗങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാരിന് തുടർച്ചയായി പരാതി ലഭിക്കുന്നുണ്ടായിരുന്നുവെന്നാണ് മുഖ്യമന്ത്രി പൊലീസ് ആക്ട് 118 എ സംബന്ധിച്ച ആശങ്കകളേക്കുറിച്ച് ഞായറാഴ്ച ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കിയത്. 

വ്യക്തിത്വഹത്യ, അന്തസ്സ് കെടുത്തൽ എന്നിവ ആത്മഹത്യകളിലേക്കുവരെ നയിക്കുന്ന സാഹചര്യം ഉത്തരവാദിത്തപ്പെട്ടവർ തന്നെ സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ അത് അവഗണിച്ച് എന്തുമാവട്ടെ എന്ന നിലപാട് എടുക്കാൻ സർക്കാരിനാകില്ല. വ്യക്തിയുടെ അന്തസ്, സ്വച്ഛ ജീവിതത്തിനുള്ള അവകാശം എന്നിവ സംരക്ഷിക്കാനുള്ള ഈ നടപടിയിൽ മാധ്യമങ്ങൾക്കും പൗര സമൂഹത്തിനും ഒരുവിധ ആശങ്കയും ഉണ്ടാവേണ്ടതില്ല. മാധ്യമസ്വാതന്ത്ര്യത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും പരിരക്ഷിക്കുന്ന എല്ലാ വകുപ്പുകൾക്കും വിധേയമായ വ്യവസ്ഥകളാണ് ഭേദഗതിയിലുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക് കുറിപ്പ് വിശദമാക്കിയിരുന്നു. ഇതിനെതിരെയാണ് ജേക്കബ് തോമസിന്‍റെ പരിഹാസം.