കൊച്ചി: ഡിജിപി ജേക്കബ് തോമസിനെ സര്‍വ്വീസിൽ നിന്ന് മാറ്റി നിര്‍ത്തിയ നടപടിയിൽ സര്‍ക്കാരിന് തിരിച്ചടി. കാരണം പറയാതെ സര്‍വ്വീസിൽ നിന്ന് മാറ്റിനിര്‍ത്തിയത് ചോദ്യം ചെയ്ത് ജേക്കബ് തോമസ് നൽകിയ ഹര്‍ജിയിലാണ് നടപടി.  അടിയന്തരമായി സര്‍വ്വീസിൽ തിരിച്ചെടുക്കണമെന്നും യോഗ്യതക്ക് തുല്യമായ പദവി നൽകണമെന്നുമാണ് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ഡിവിഷൻ ‍ബെഞ്ച് ഉത്തരവിട്ടത്. 

ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ ഇത്രകാലം എങ്ങനെയാണ് സര്‍വ്വീസിൽ നിന്ന് മാറ്റി നിര്‍ത്തുന്നത് എന്ന ചോദ്യമാണ് ജേക്കബ് തോമസിന്‍റെ അഭിഭാഷകൻ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ പ്രധാനമായും ഉന്നയിച്ചത്. സിവിൽ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസുമായി ബന്ധപ്പെട്ട് പ്രത്യേക ചട്ടങ്ങളുണ്ടെന്നിരിക്കെ തുടര്‍ച്ചയായ സസ്പെൻഷൻ നിയമവിരുദ്ധമായ നടപടിയാണെന്നാണ് ട്രൈബ്യൂണലിന്‍റെ കണ്ടെത്തൽ.

അഴിമതിക്കെതിരെയാണ് ശബ്ദമുയര്‍ത്തിയതെന്നും അതിന്‍റെ ഭാഗമായാണ് സര്‍വ്വീസിൽ നിന്ന് അകാരണമായി മാറ്റി നിര്‍ത്തപ്പെട്ടതെന്നും ഇതെല്ലാം ന്യായാധിപൻമാര്‍ കാണുന്നുണ്ടെന്നുമായിരുന്നു വിധിയോട് ജേക്കബ് തോമസിന്‍റെ പ്രതികരണം.