കൊച്ചി: രണ്ട് ദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ പിറവം പള്ളിയിൽ നിന്നും യാക്കോബായ വിഭാഗത്തെ പുറത്താക്കി പിറവം പള്ളി സർക്കാർ ഏറ്റെടുത്തു. വിഷയത്തില്‍ സർവകക്ഷിയോഗം വിളിക്കണമെന്ന് യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം നൽകുമെന്നും യാക്കോബായ വിഭാഗം അറിയിച്ചു. പൊലീസ് നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, പൊലീസുമായി സഹകരിക്കുമെന്ന് ഓർത്തഡോക്സ് വിഭാഗം അറിയിച്ചു. പള്ളിക്ക് സമീപത്ത് നിന്ന് പിരിഞ്ഞ് പോകാമെന്ന് വിശ്വാസികളോട് ഓർത്തഡോക്സ് വിഭാഗം ആവശ്യപ്പെട്ടു.

ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി ഉത്തരവ് നടപ്പാക്കണമെന്ന ഹൈക്കോടതിയുടെ അന്ത്യശാസനത്തെ തുടർന്നാണ് പിറവം പള്ളിയില്‍ ജില്ലാ കളക്ടര്‍ നടപടികൾ പൂർത്തിയാക്കിയത്. പ്രതിഷേധമുയര്‍ത്തിയ യാക്കോബായ വൈദികര്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റിലായ യാക്കോബായ വിഭാഗം മെത്രാന്മാരും വൈദികരും പൊലീസ് സ്റ്റേഷനിൽ തുടരുകയാണ്. പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് എപ്പോൾ കൈമാറണമെന്ന് കോടതി നിർദ്ദേശം കൂടി പരിഗണിച്ച ശേഷം തീരുമാനിക്കും.

ഉച്ചയ്ക്ക് 1.45നകം പള്ളിക്കുള്ളിൽ പ്രതിഷേധിക്കുന്ന മുഴുവൻ യാക്കോബായക്കാരെയും പുറത്താക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് വന്നതോയെയാണ് ജില്ലാ ഭരണകൂടം രംഗത്തെത്തിയത്. പുറത്ത് പോകണമെന്ന് ജില്ലാ കളക്ടർ ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ വന്നതോടെയാണ് ബലം പ്രയോഗിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിയത്. തുടർന്ന് പൊലീസ് ബലപ്രയോഗത്തിലൂടെ ഗേറ്റ് പൊളിച്ചാണ് പള്ളിക്കകത്ത് കയറിയത്. പൊലീസിനെ തടഞ്ഞ് യാക്കോബായ വിഭാഗം മെത്രാൻമാർ നിരന്നതോടെ ജില്ലാ ഭരണകൂടം പ്രതിസന്ധിയിലായി. വൈദീകരും വിശ്വാസികളുമടങ്ങുന്ന സംഘം പ്രാർത്ഥനകളും മുദ്രാവാക്യങ്ങളുമായി മെത്രാൻമാർക്ക് പിന്നിൽ അണിനിരക്കുകയും ചെയ്തു.

Read More:പിറവം പള്ളി തർക്കം; പള്ളിക്കുള്ളിൽ തമ്പടിച്ചിരിക്കുന്നവരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ഹൈക്കോടതി നിർദ്ദേശം

ഒടുവിൽ മെത്രാപ്പൊലീത്തൻ ട്രസ്റ്റിയുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് പള്ളിയിലുള്ളവർ അറസ്റ്റ് വരിക്കാമെന്ന് ധാരണയായത്. ആദ്യം മെത്രാൻമാരെ അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റി. എന്നാൽ വൈദികരെയും വിശ്വാസികളെയും അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമം തുടങ്ങിയതോടെയാണ് പ്രതിഷേധം ശക്തമായത്. ചെറുക്കാൻ ശ്രമിച്ചവരെയെല്ലാം ബലപ്രയോഗത്തിലൂടെ വാഹനത്തിനുള്ളിൽ കയറ്റി. വാഹനത്തിനുള്ളിലും വൈദികരടക്കമുള്ളവർ വികാരഭരിതരായി പ്രതിഷേധിച്ചു. പതിറ്റാണ്ടുകളായി തങ്ങളുടെ പിൻതലമുറക്കാർ കൈവശം വച്ച പള്ളി നഷ്ടപ്പെടുകയാണെന്ന് അവർ വിലപിച്ചു.

തൊട്ടുപിന്നാലെ പള്ളിയിൽ നിന്ന് പ്രതിഷേധക്കാരെ നീക്കിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ജില്ലാ കളക്ടറോട് പള്ളി ഏറ്റെടുക്കാൻ നിർദ്ദേശിച്ച കോടതി നാളെ രാവിലെ വിശദമായ റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചു. ഇതിനിടെ പള്ളിയിൽ പ്രവേശിക്കാനുള്ള സുപ്രീംകോടതി ഉത്തരവുമായെത്തിയ ഓർത്തഡോക്സ് വിഭാഗം ഈ സമയത്തെല്ലാം പുറത്ത് പ്രതിഷേധം തുടർന്നു. ജില്ലാ ഭരണകൂടം അനുമതി നൽകുമ്പോൾ മാത്രമേ പള്ളിയിൽ പ്രവേശിക്കൂ എന്നും സമാധാന അന്തരീക്ഷം തകർക്കാൻ തങ്ങളില്ലെന്നുമാണ് ഓർത്തഡോക്സ് വിഭാഗത്തിൻ്റെ നിലപാട്. 

അതേസമയം, അറസ്റ്റിലായ യാക്കോബായ വിഭാഗം രാമമംഗലം പൊലീസ് സ്റ്റേഷനിലും പ്രതിഷേധം തുടരുകയാണ്. പള്ളി ഏറ്റെടുത്ത കാര്യം ഔദ്യോഗികമായി ഹൈക്കോടതിയെ അറിയിച്ച ശേഷം കോടതി നി‍ദ്ദേശപ്രകാരം ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

Read More: പിറവം പള്ളിയിൽ സംഘർഷം: ഓർത്തഡോക്സ് - യാക്കോബായ വിഭാഗങ്ങൾ നേർക്കുനേർ

എന്താണ് പിറവം പള്ളിത്തർക്കം?

മലങ്കര സഭയിലെ പുരാതന പള്ളികളിലൊന്നാണ് പിറവം സെന്‍റ് മേരീസ് പള്ളി. സഭാസ്വത്തുക്കൾ സംബന്ധിച്ച് യാക്കോബായ - ഓർത്തഡോക്സ് തർക്കമാണ് പ്രശ്നങ്ങളുടെ തുടക്കം. 2018 ഏപ്രിൽ 18-ന് പിറവം പള്ളി അവകാശം സംബന്ധിച്ച് ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ, സര്‍ക്കാര്‍ ഇതുവരെയായും വിധി നടപ്പാക്കിയില്ല. കോടതിവിധിയെത്തുടർന്ന് ഓർത്തഡോക്‌സ് വിഭാഗം പള്ളിയിൽ പ്രവേശിക്കുന്നതിനും ആരാധന നടത്തുന്നതിനും പലവട്ടം ശ്രമം നടത്തിയെങ്കിലും യാക്കോബായ വിഭാഗം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. ഇതാണ് വിധി നടപ്പാക്കാന്‍ വൈകുന്നത്.