കായംകുളം: ഓര്‍ത്തഡോക്സ് യാക്കോബായ സഭാ തര്‍ക്കത്തെ തുടര്‍ന്ന് സംസ്കാര ചടങ്ങുകൾ നടത്താൻ കഴിയാതിരുന്ന കായംകുളം സ്വദേശി മറിയാമ്മ ഫിലിപ്പിന്‍റെ മൃതദേഹം കാദിശ പള്ളി സെമിത്തേരിക്ക് പുറത്ത് സംസ്കരിക്കാൻ തീരുമാനമായി. പൊലീസ് റവന്യു വകുപ്പുകൾ ഇടപെട്ട് നടത്തിയ ചര്‍ച്ചക്കൊടുവിലാണ് സെമിത്തേരിക്ക് പുറത്ത് സംസ്കാരം നടത്താമെന്ന സമവായത്തിലേക്ക് എത്തിയത്. 

കഴിഞ്ഞ നാലാം തീയതിയാണ് 84കാരിയായ മറിയാമ്മ ഫിലിപ്പ് മരിച്ചത്. പൊതു സെമിത്തേരിയാണ് ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ ഉപയോഗിച്ച് വന്നിരുന്നത്. എന്നാല്‍ പുതിയ കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ സെമിത്തേരിയുടെ അവകാശം ഓര്‍ത്തഡോക്സ് വിഭാഗത്തിന് കിട്ടുകയും യാക്കോബായ വിശ്വാസിയായ മറിയാമ്മ ഫിലിപ്പിന്‍റെ മൃതദേഹം കാദിശ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതിന് ഓര്‍ത്തഡോക്സ് വിഭാഗം എതിര്‍ക്കുകയം ചെയ്തതോടെയാണ് പ്രശ്നം തുടങ്ങിയത്. 

ഒടുവിൽ പ്രശ്നത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടതോടെയാണ് താൽകാലിക പ്രശ്നപപരിഹാരമായത്. 84കാരിയുടെ മൃതദേഹം  മരിച്ച് ആറ് ദിവസമായിട്ടും സഭാതർക്കത്തെ തുടർന്ന് സംസ്കരിക്കാത്ത സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നായിരുന്നു  സംസ്ഥാന ചീഫ് സെക്രട്ടറിക്ക്  കേന്ദ്ര മനുഷ്യാവകാശ കമ്മിഷന്‍റെ നിർദ്ദേശം.

വിഷയത്തില്‍ സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കമ്മിഷൻ നിർദ്ദേശിച്ചിരുന്നു. മരിച്ച മറിയാമ്മയുടെ മകൻ നൽകിയ പരാതിയിലായിരുന്നു കമ്മീഷന്‍റെ ഇടപെടൽ. ഇതിനെ തുടര്‍ന്നാണ് സംസ്കരിക്കാൻ മറ്റൊരു സ്ഥലം എന്ന നിർദേശം ജില്ലാ ഭരണകൂടം മുന്നോട്ട് വച്ചത്.  ഇത് അനുസരിച്ചാണ് ഇപ്പോഴത്തെ സെമിത്തേരിക്ക് മുന്നിലുള്ള യാക്കോബായ സഭയുടെ സ്ഥലത്ത് സംസ്ക്കാരം നടത്താൻ തീരുമാനമായത്.