കൊച്ചി: മലങ്കരസഭാ പള്ളിത്തർക്കത്തിൽ നിലവിലെ സാഹചര്യങ്ങളിൽ പ്രതിഷേധിച്ച് 
യാക്കോബായ സഭ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയും മെത്രാന്മാരും കൊച്ചിയിൽ ഉപവാസം ആരംഭിച്ചു. പന്ത്രണ്ട് മണിക്കൂറാണ് ഉപവാസം. സുപ്രീംകോടതി വിധി മറയാക്കി ഓര്‍ത്തഡോക്സ് വിഭാഗം പള്ളികള്‍ കയ്യേറുന്നു എന്നാണ് യാക്കോബായ വിഭാഗത്തിന്‍റെ ആരോപണം. 

രാവിലെ എട്ടരയോടെയാണ് ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നേതൃത്വത്തില്‍ മെത്രാന്മാര്‍ ഉപവാസം ആരംഭിച്ചത്. കഴിഞ്ഞ ദിവസം കണ്ടനാട് പള്ളിയിലടക്കം ഓര്‍ത്തഡോക്സ് വിഭാഗത്തിനനുകൂലമായ സുപ്രീംകോടതി വിധി നടപ്പാക്കിയിരുന്നു. അടുത്ത ദിവസം പിറവം സെന്‍റ് മേരീസ് പള്ളിയിലും പ്രവേശിക്കുമെന്ന് ഓര്‍ത്തഡോക്സ് വിഭാഗം വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍, ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും തങ്ങള്‍ക്കും പള്ളികളില്‍ പ്രവേശിക്കാനുള്ള അനുമതി ലഭിക്കണമെന്നുമാവശ്യപ്പെട്ടാണ് യാക്കോബായ വിഭാഗം ഉപവാസസമരം നടത്തുന്നത്. 

വിശ്വാസപ്രകാരം മൃതദേഹങ്ങള്‍ സംസ്‍കരിക്കാനുള്ള അവകാശം പോലും തങ്ങള്‍ക്ക് നിഷേധിക്കപ്പെടുകയാണെന്നാണ് യാക്കോബായ വിഭാഗം പറയുന്നത്. കാലങ്ങളായി തങ്ങള്‍ ആരാധന നടത്തിയിരുന്ന പള്ളികളില്‍ പോലും ഇപ്പോള്‍ പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മറ്റു വഴികളൊന്നുമില്ലാത്തതുകൊണ്ടാണ് ഉപവാസസമരം നടത്തുന്നതെന്നും യാക്കോബായ വിഭാഗം പറയുന്നു.

സഭയുടെ ഒരു പള്ളിയും ഓര്‍ത്തഡോക്സ് വിഭാഗത്തിന് വിട്ടുകൊടുക്കുകയില്ലെന്ന് യാക്കോബായ സഭ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ പറഞ്ഞു.  ഈ ലോകത്ത് 609 കേസുകളിൽ പ്രതിയായ ഒരു സഭാ അധ്യക്ഷൻ ഉണ്ടായിട്ടുണ്ടാകില്ല. ആ കഷ്ടകാലം യാക്കോബായ സഭക്ക് മാത്രമേ ഉണ്ടായിട്ടുള്ളൂ. ഓർത്തഡോൿസ്‌ വിഭാഗമാണ് കേസുകൾ കൊടുത്തിരിക്കുന്നത്. ഓർത്തഡോൿസ്‌ വിഭാഗം ചെയ്യുന്നത് അംഗീകരിക്കാൻ സാധിക്കില്ല. സർക്കാർ ഇരു സഭകളെയും ചർച്ചക്ക് വിളിച്ചെങ്കിലും ഓർത്തഡോക്സ് വിഭാഗമാണ് ചർച്ച ബഹിഷ്കരിച്ചത്. ഏതെങ്കിലും പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം പ്രവേശിക്കാൻ ശ്രമിച്ചാൽ  പ്രതിരോധിക്കാൻ താൻ മുന്നിലുണ്ടാകും എന്നും ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ പറഞ്ഞു.