കോതമംഗലം ചെറിയ പള്ളി ഏറ്റെടുക്കാൻ എറണാകുളം കളക്ടര്‍ക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാനുമായിരുന്നു ആവശ്യപ്പെട്ടത്. ഇതിനെതിരെയാണ് യാക്കോബായ വിഭാഗത്തിന്‍റെ പ്രതിഷേധം

കൊച്ചി: കോതമംഗലം പള്ളി വിട്ടുനല്‍കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി യാക്കോബായ സഭ ഇന്ന് മുതല്‍ അനിശ്ചിതകാല രാപ്പകല്‍ സമരം തുടങ്ങുന്നു. വിവിധ മത, സാമൂഹ്യ സംഘടനകള്‍ ഉള്‍പ്പെട്ട മതമൈത്രി സംരക്ഷണ സമിതിയുടെ പിന്തുണയോടെയാണ് സമരം തീരുമാനിച്ചിരിക്കുന്നത്. നേരത്തെ പല തവണ ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ കയറാൻ ശ്രമിച്ചിരുന്നു.

എന്നാല്‍, യാക്കോബായ വിഭാഗത്തിന്‍റെ എതിര്‍പ്പ് മൂലം പിന്മാറേണ്ടി വന്നു. കോതമംഗലം ചെറിയ പള്ളി ഏറ്റെടുക്കാൻ എറണാകുളം കളക്ടര്‍ക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാനുമായിരുന്നു ആവശ്യപ്പെട്ടത്.

ഇതിനെതിരെയാണ് യാക്കോബായ വിഭാഗത്തിന്‍റെ പ്രതിഷേധം. രാവിലെ 11 മണി മുതല്‍ അനിശ്ചിത കാല രാപ്പകല്‍ സമരമാണ്. മതമൈത്രി സംരക്ഷണ സമിതിയുടെ പിന്തുണയോടെയാണിത്. മറ്റ് മതവിഭാഗങ്ങളിലെ നേതാക്കള്‍, വിദ്യാര്‍ത്ഥി, യുവജന കൂട്ടായ്മകള്‍, രാഷ്ട്രീയ നേതാക്കള്‍, മര്‍ച്ചന്റ് അസോസിയേഷൻ, ഓട്ടോറിക്ഷ ബസ് ജീവനക്കാര്‍ തുടങ്ങിയവരെല്ലാം ഇതിന്‍റെ ഭാഗമാകും.