തിരുവനന്തപുരം: ഉറച്ച ശബ്ദത്തില്‍ പ്രതിഷേധിക്കേണ്ട  സമയമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. പൗരത്വ നിയമത്തിനെതിരായ എല്‍ഡിഎഫിന്‍റെ മനുഷ്യ മഹാശൃംഖലക്ക് യാക്കോബായ സഭയടക്കം ക്രൈസ്തവ വിഭാഗങ്ങള്‍ പിന്തുണ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധിക്കേണ്ട ഈ സമയത്ത് സഭാ നേതൃത്വത്തില്‍ പലരും മിണ്ടാതിരിക്കുകയാണെന്ന്  ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വിമര്‍ശിച്ചത്. മിണ്ടാതിരിക്കുന്നവരെ ജനം കാണുന്നുണ്ടെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ന്യൂസ് അവറിൽ പറഞ്ഞു. 

യുഡിഎഫും മുസ്ലിം ലീഗും നിസ്സഹകരണം പ്രഖ്യാപിച്ചെങ്കിലും അവരെ തുണക്കുന്ന സമുദായ സംഘടനകളെ മനുഷ്യശൃംഖലയില്‍ പങ്കെടുപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നു. ഇകെ സുന്നി,മുജാഹിദ് ക്രൈസ്തവവിഭാഗങ്ങളാണ് യുഡിഎഫിനോടുള്ള വിധേയത്വം മറന്ന് കണ്ണിയില്‍ പങ്കാളികളായത്. കോഴിക്കോട് നടന്ന മനുഷ്യശൃംഖലയില്‍ ലീഗ് വോട്ട് ബാങ്കിന്റെ നട്ടെല്ലായ മുജാഹിദ്  ഇകെ സുന്നി നേതാക്കള്‍ തന്നെ നേരിട്ട് പങ്കെടുത്തു. വിയോജിപ്പുകള്‍ മാറ്റിവെക്കണ് പ്രസംഗത്തിനിടെ ഇകെ സുന്നി നേതാക്കള്‍ പറഞ്ഞത് ഫലത്തില്‍ ലീഗിന് താക്കീതുമായി. എന്നാല്‍ മലപ്പുറത്ത് പ്രമുഖ സുന്നി നേതാക്കളൊന്നും എത്തിയില്ല എന്നത് ലീഗിന് ആശ്വാസമായി. 

സിപിഎമ്മിനോട് അടുപ്പം പുലര്‍ത്തുന്ന എപി സുന്നി നേതാക്കള്‍ മിക്കയിടങ്ങളിലും ശൃംഖലയില്‍ സജിവമായി പങ്കെടുത്തു. തെക്കന്‍ കേരളത്തിലെ മുസ്ലിം സമുദായത്തിന്‍റെ മുഖമായ പാളയം ഇമാം ശൃംഖലയില്‍ അണിചര്‍ന്നതും ശ്രദ്ധേയമായി. മധ്യകേരളത്തില്‍ കൊച്ചി, തൃശൂര്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ ക്രൈസ്തവസഭാനേതാക്കളും കന്യാസ്ത്രീകളും വൈദികരും ശൃംഖലയില്‍ പങ്കാളികളായി.

വീഡിയോ കാണാം: https://www.hotstar.com/in/asianet-news/1000119061?