സന്നിധാനം: ശബരിമല സന്നിധാനത്ത് അപ്പം, അരവണ നിർമ്മാണത്തിനുള്ള ശർക്കരക്ക് ക്ഷാമം. വെള്ളപ്പൊക്കത്തെ തുടർന്ന് മഹാരാഷ്ട്രയിൽ നിന്ന് ശർക്കര ലോറികൾ എത്താൻ വൈകിയതാണ് ക്ഷാമത്തിനിടയാക്കിയത്. പ്രതിസന്ധി പരിഹരിക്കാൻ നടപടി തുടങ്ങിയതായി ദേവസ്വം ബോർഡ് അറിയിച്ചു.

40 ലക്ഷം കിലോ ശർക്കരയാണ് സന്നിധാനത്ത് ഒരു വർഷം അപ്പം അരവണ നിർമ്മാണത്തിന് ആവശ്യമുള്ളത്. നിലവിൽ പത്ത് ലക്ഷത്തിലധികം കിലോയുടെ കുറവുണ്ട്. വിതരണ കരാർ ഏറ്റെടുത്ത ആൾ നിശ്ചയിച്ച സമയത്ത് ശർക്കര എത്തിക്കാത്തതാണ് പ്രതിസന്ധിക്കിടയാക്കിയത്. പ്രളയത്തെ തുടർന്ന് ശർക്കര വിപണിയിൽ എത്തുന്നില്ലെന്നാണ് കരാറുകാരന്റെ വാദം. എന്നാൽ, സ്റ്റോക്കുള്ള മറ്റൊരു കമ്പനിക്ക് ഓഡർ നൽകിയെന്നും പ്രതിസന്ധി ഉണ്ടാകാതെ കാര്യങ്ങൾ പരിഹരിക്കുമെന്നും ദേവസ്വം എക്സിക്യൂട്ടിവ് ഓഫീസർ വി എസ് രാജേന്ദ്ര പ്രസാദ് അറിയിച്ചു.

നേരത്തെ ചുമട്ടുകൂലി തർക്കത്തെ തുടർന്ന് പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ശർക്കര നീക്കം തടസ്സപ്പെട്ടതും പ്രതിസന്ധി രൂക്ഷമാക്കി. ട്രാക്ടറുകൾക്ക് പകൽ സമയം 12 മുതൽ 3 വരെ മാത്രമേ ലോഡുമായി പോകാൻ അനുമതി ഉള്ളൂ എന്നതും ശർക്കര നീക്കത്തെ ബാധിക്കുന്നുണ്ട്. നിലവിൽ കരുതൽ ശേഖരമുണ്ടെങ്കിലും തീർത്ഥാടക തിരക്ക് കൂടിയാൽ പ്രതിസന്ധി രൂക്ഷമാകുമെന്ന ആശങ്കയാണ് നിലനിൽക്കുന്നത്.