മുൻ മന്ത്രി കെ ടി ജലീൽ മുസ്ലിം ലീഗിലെ കടുത്ത കുടുംബവാഴ്ചയ്ക്കും സാധാരണ പ്രവർത്തകരോടുള്ള അവഗണനയ്ക്കുമെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രൂക്ഷ വിമർശനം ഉന്നയിച്ചു. നേതാക്കളുടെ മക്കൾക്ക് മാത്രം നേട്ടങ്ങൾ ലഭിക്കുന്നുവെന്ന് ആരോപിച്ച അദ്ദേഹം, ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന എംഎസ്എഫ് നേതാവിൻ്റെയും മഞ്ചേശ്വരം എംഎൽഎയുടെയും അവസ്ഥ ഉദാഹരണമായി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: മുസ്ലിം ലീഗ് നേതൃത്വത്തിൽ നിലനിൽക്കുന്ന കടുത്ത കുടുംബവാഴ്ചയ്ക്കും അവഗണനയ്ക്കുമെതിരെ രൂക്ഷമായ ഫേസ്ബുക്ക് പോസ്റ്റുമായി മുൻ മന്ത്രി കെ ടി ജലീൽ. പാർട്ടിക്കായി ചോരയും നീരും നൽകിയ സാധാരണ പ്രവർത്തകർക്ക് ലീഗിൽ യാതൊരു പരിഗണനയും ലഭിക്കുന്നില്ലെന്നും, നേതാക്കളുടെ മക്കൾക്കും കൂടെ നിൽക്കുന്ന കമ്മീഷൻ ഏജന്‍റുമാർക്കും മാത്രമാണ് ലീഗ് ഭരണത്തിൽ വരുമ്പോൾ നേട്ടങ്ങളുണ്ടാകുന്നതെന്നും ജലീൽ ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പഠനകാലത്ത് കോളേജിൽ നടന്ന യുജിസി സമരത്തിലെ ഒരു മുദ്രാവാക്യം ഓർമ്മിപ്പിച്ചുകൊണ്ടാണ് ജലീൽ ലീഗ് നേതൃത്വത്തെ പരിഹസിച്ചത്. "സമരം ചെയ്യാൻ ഒരുകൂട്ടർ, തൽഫലമായി കിട്ടും നേട്ടം നക്കിത്തിന്നാൻ മറ്റൊരു കൂട്ടർ" എന്ന മുദ്രാവാക്യം വൈകാതെ തന്നെ കോഴിക്കോട് ലീഗ് ഹൗസിന് മുന്നിലും അണികൾക്ക് വിളിക്കേണ്ടി വരുമെന്ന് അദ്ദേഹം കുറിച്ചു. പാർട്ടിക്കു വേണ്ടി തൊണ്ടകീറി പ്രസംഗിച്ചവരും സമരം ചെയ്ത് ജയിലിൽ പോയവരും എന്നും ലീഗിന്‍റെ പടിക്ക് പുറത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാർട്ടിയിൽ സാധാരണക്കാർ നേരിടുന്ന കൊടിയ അനീതിക്ക് ഉദാഹരണമായി എംഎസ്എഫിന്‍റെ സംസ്ഥാന വൈസ് പ്രസിഡന്‍റിന്‍റെ അവസ്ഥയാണ് ജലീൽ ചൂണ്ടിക്കാണിക്കുന്നത്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലെ 125 പേരിൽ ഒരാളായിപ്പോലും ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന എംഎസ്എഫ് സംസ്ഥാന ഭാരവാഹിയെ ഉൾപ്പെടുത്താൻ ലീഗ് നേതൃത്വത്തിന് കഴിഞ്ഞില്ല. ഇതിലും വലിയ അനീതി മറ്റെന്തുണ്ടെന്നും അദ്ദേഹം ചോദിക്കുന്നു. മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫിന് പാർട്ടിയിൽ അർഹമായ യോഗ്യത ലഭിക്കാതെ പോയതിനെയും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്. "നേതാക്കളുടെ സാമ്പത്തിക ആവശ്യങ്ങൾ യഥേഷ്ടം നിവർത്തിച്ചു കൊടുക്കാൻ കഴിയുന്ന വാപ്പാരുടെ മക്കളായി പിറക്കാൻ ലീഗ് ചെറുപ്പക്കാരെ, പ്രാർത്ഥിച്ചോളിൻ. മഞ്ചേശ്വരം എംഎൽഎ അഷ്റഫിന് ഇല്ലാതെ പോയത് ആ യോഗ്യതയാണല്ലോ?" എന്നിങ്ങനെയാണ് ജലീലിന്‍റെ പരിഹാസം.