തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് സിപിഐ മുഖപത്രം ജനയുഗത്തിന്റെ എഡിറ്റോറിയൽ. സിപിഐ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എ അച്യുതമേനോനെ പരാമര്‍ശിക്കാതെയുള്ള പ്രസംഗത്തിനെതിരെയാണ് വിമര്‍ശനം.

ഇടതുപക്ഷ രാഷ്ട്രീയത്തിന് ഭൂഷണമല്ലെന്ന് മുഖപ്രസംഗം വിമർശിക്കുന്നു. ചരിത്ര വസ്തുതകളെ മുഖ്യമന്ത്രി മനഃപൂര്‍വ്വം തമസ്കരിച്ചുവെന്നാണ് കുറ്റപ്പെടുത്തൽ. മുഖ്യമന്ത്രി യാഥാര്‍ത്ഥ്യങ്ങൾ അംഗീകരിക്കാൻ വിസമ്മതിക്കുന്നുവെന്നും മുഖപ്രസംഗത്തിലുണ്ട്. ചരിത്രം ഐതിഹ്യങ്ങളോ കെട്ടുകഥകളോ അല്ലെന്നും മുഖപ്രസംഗത്തിൽ പറയുന്നു. 

ഭൂപരിഷ്കരണ നിയമത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ തിരുവനന്തപുരത്ത് നടന്നപ്പോൾ നടത്തിയ പ്രസംഗമാണ് വിമർശനത്തിന് കാരണം. എ അച്യുതമേനോൻ ഭൂപരിഷ്കരണം നടപ്പിലാക്കിയെന്നല്ലാതെ അച്യുതമേനോനെ കുറിച്ച് കൂടുതൽ അനുസ്മരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെന്നാണ് കുറ്റപ്പെടുത്തൽ.

ഭൂപരിഷ്കരണ നിയമം നടപ്പിലാക്കുന്നതിൽ ഇഎംഎസ്, ഇകെ നായനാർ സർക്കാരുകൾ നടത്തിയ ഇടപെടലുകളെ അഭിനന്ദിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി സംസാരിച്ചത്. എന്നാൽ അച്യുതമേനോനെ കുറിച്ച് ഒരു വാക്ക് പോലും പറയാൻ തയ്യാറാകാതിരുന്നത് അന്ന് തന്നെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

രാജ്യത്ത് മോദി സർക്കാർ ചരിത്ര വസ്തുതകളെ വളച്ചൊടിക്കാൻ ശ്രമിക്കുമ്പോഴാണ് കേരളത്തിൽ മുഖ്യമന്ത്രി ഈ സമീപനം കൈക്കൊള്ളുന്നതെന്നും മുഖപ്രസംഗം വിമർശിക്കുന്നു. 

പന്തീരാങ്കാവിൽ രണ്ട് സിപിഎം പ്രവർത്തകരായിരുന്ന അലനും താഹയ്ക്കും എതിരെ യുഎപിഎ ചുമത്തിയ സംഭവത്തിൽ സിപിഐ സർക്കാർ നിലപാടിനെ പരസ്യമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജനയുഗത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തെ ചൊല്ലിയുള്ള വിമർശനവും ഉയർന്നിരിക്കുന്നത്.