ഈ രീതിയിൽ മുന്നോട്ട് പോവുക പ്രയാസമാണെന്നും കേരളം വിട്ടാൽ പാർട്ടി ബിജെപിക്കൊപ്പം എന്നത് പ്രതിസന്ധിയാണെന്നും സികെ നാണു പറഞ്ഞു
തിരുവനന്തപുരം: ജെഡിഎസ് ദേശീയ ഘടകം എൻഡിഎയിൽ മുന്നണിയിൽ ചേർന്നതിനെ തുടർന്ന് കേരളാ ഘടകം സ്വീകരിക്കേണ്ട തുടർ നടപടികളിൽ കടുത്ത ഭിന്നത. ഇന്നു ചേർന്ന സംസ്ഥാന ഭാരവാഹി യോഗത്തിലും വ്യക്തമായ തീരുമാനമുണ്ടായില്ല. ഇങ്ങനെ മുന്നോട്ടു പോകാൻ കഴിയില്ലെന്ന് സി കെ നാണു യോഗത്തിൽ തുറന്നടിച്ചു. പുതിയ പാർട്ടി ഉണ്ടാക്കണമെന്നാണ് നാണുവിൻ്റെ നിലപാട്.
അതേസമയം എൻഡിഎയിൽ ചേരാനുള്ള ദേശീയഘടകത്തിൻ്റെ തീരുമാനത്തെ പൂർണ്ണമായും തള്ളി പറയുമ്പോഴും ജെഡിഎസ് ബന്ധം ഉപേക്ഷിക്കുന്നതിൽ സാങ്കേതികപ്രശ്നം ആവർത്തിക്കുകയാണ് സംസ്ഥാന ആദ്ധ്യക്ഷൻ മാത്യു ടി തോമസും മന്ത്രി കെ കൃഷ്ണൻ കുട്ടിയും. ദേശീയ തലത്തിൽ സി എം ഇബ്രാഹിമിൻ്റെ നേതൃത്വത്തിൽ മറ്റൊരു ബദൽ നീക്കത്തിനും കേരളത്തിലെ നേതാക്കൾ തുടക്കമിടുന്നുണ്ട്. തുടർചർച്ചകൾക്കായി നാലംഗ കമ്മിറ്റിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഈ രീതിയിൽ മുന്നോട്ട് പോവുക പ്രയാസമാണെന്നും കേരളം വിട്ടാൽ പാർട്ടി ബിജെപിക്കൊപ്പം എന്നത് പ്രതിസന്ധിയാണെന്നും സികെ നാണു പറഞ്ഞു. മന്ത്രി കൃഷ്ണൻകുട്ടിയും മാത്യു ടി തോമസും അസാധാരണ സ്ഥിതിയാണ് നിലവിലേതെന്ന് പറഞ്ഞു. എംഎൽഎ സ്ഥാനമല്ല പ്രശ്നമെന്നും മാത്യു ടി തോമസ് വ്യക്തമാക്കി.
