തിരുവനന്തപുരം: സംസ്ഥാന ജെഡിഎസ് പിളര്‍ന്നു. ജനതാദൾ എസ് പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുന്നു. മുൻ സംസ്ഥാന അധ്യക്ഷൻ സികെ  നാണു പ്രസിഡൻ്റായ ഘടകം നിലനിൽക്കുന്നതിനാൽ പുതിയ പ്രസിഡൻ്റിനെ പ്രഖ്യാപിക്കുന്നില്ലെന്ന അറിയിച്ച നേതൃത്വം പുതിയ വർക്കിംഗ് പ്രസിഡൻ്റിനെയും ജില്ലാ കണ്‍വീനര്‍മാരെയും പ്രഖ്യാപിച്ചു. എസ് ചന്ദ്രകുമാറാണ് വർക്കിംഗ് പ്രസിഡൻ്റ്. എല്ലാ ജില്ലകളിലും കൺവീനർമാരെയും പ്രഖ്യാപിച്ചു. ഒമ്പത് സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. 

ചിഹ്നവും പേരും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ജനതാദൾ വിമത വിഭാഗം അവകാശപ്പെട്ടു. പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച കാര്യം ഇടത് മുന്നണി നേതൃത്വത്തെ അറിയിക്കും. യഥാർത്ഥ ജനതാദൾ തങ്ങളാണെന്ന് ഇടത് മുന്നണി കൺവീനറെ അറിയിക്കുെന്നും മുന്നണി യോഗത്തിൽ പങ്കെടുക്കേണ്ട ആളുകളുടെ ലിസ്റ്റും നല്‍കുമെന്നും ജനതാദൾ വിമത വിഭാഗം അറിയിച്ചു. മന്ത്രിസഭയുടെ ശുപാർശ അനുസരിച്ച് നിയമസഭ വിളിക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്ന് ജനതാദൾ സെക്രട്ടറി ജനറൽ ജോർജ് തോമസ് പറഞ്ഞു. സി കെ നാണു നമ്മോടൊപ്പമാണ്. അദ്ദേഹം കൃത്യസമയത്ത് ഒപ്പം വരും. കുറുമാറ്റ നിരോധന നിയമം ഉൾപ്പടെ ഉള്ളതിനാലാണ് ഇപ്പോൾ വരാത്തതെന്ന് സമ്മതിക്കുന്നു. പാർട്ടി ചിഹ്നത്തിനും പേരിനും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. മന്ത്രിയെ മാറ്റണമെന്ന് തല്ക്കാലം പറയില്ല. പക്ഷെ ആവശ്യമായ സമയത്ത് പറയുമെന്നും ജനതാദൾ വിമത വിഭാഗം കൂട്ടിച്ചേര്‍ത്തു.