കാസർകോട്: കാസർകോട് ജെഡിഎസ് നേതാവിന് കൊവിഡ് സ്ഥിരീകരിച്ചു. തലപ്പാടി അതിർത്തിക്കടുത്തെ പ്രദേശമായ കുഞ്ചത്തൂർ സ്വദേശിയായ ഡോക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം കുഞ്ചത്തൂരിൽ സ്വകാര്യ ക്ലിനിക്ക് നടത്തുന്നുണ്ട്. ഈ മാസം 11 ന് നടന്ന എല്‍ഡിഎഫ് കമ്മിറ്റി യോഗത്തിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു. ഇതേ യോഗത്തിൽ പങ്കെടുത്ത സിപിഎം-സിപിഎ ജില്ലാ സെക്രട്ടറിമാർ ഉൾപ്പെടെയുള്ള നേതാക്കൾക്ക് കൊവിഡ് പരിശോധന നടത്തി വരുകയാണ്. പരിശോധന നടത്തി ഫലം നെഗറ്റീവായെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ അറിയിച്ചു.

അതേസമയം, കണ്ണൂ‍ർ ഗവണ്‍മെന്‍റ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒരു മെഡിക്കൽ ഡോക്ടറും പിജി സ്റ്റുഡന്റിനും കൊവിഡ് ലക്ഷണങ്ങളുണ്ടായതോടെ ആശുപത്രിയിലെ 50 ആരോഗ്യപ്രവർത്തകരെ നിരീക്ഷണത്തിലാക്കി. മെഡിക്കൽ ഓഫീസറുടെയും പിജി സ്റ്റുഡന്റിന്റെയും അന്തിമ പരിശോധന ഫലം ആലുപ്പഴ വൈറോളജി ലാബിൽ നിന്നും ഇന്ന് വൈകിട്ടോടെ എത്തും. ഇരുവരുടെയും ആദ്യപരിശോധനിയിൽ രോഗബാധയുണ്ടെന്ന റിപ്പോർട്ടാണ് വന്നത്. രോഗം എവിടെ നിന്നു പക‍ർന്നു എന്ന് വ്യക്തമല്ല. ഇനി മുതൽ മെഡിക്കൽ കോളേജിലെത്തുന്ന എല്ലാ രോഗികളെയും കൊവിഡ് പരിശോധ നടത്താനാണ് ആലോചനയെന്ന് മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.