Asianet News MalayalamAsianet News Malayalam

ശ്രുതി മോളോട് ഞാനെന്ത് പറയും? അലമുറയിട്ട് ജെൻസന്റെ അമ്മ; ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കൾ, കണ്ണീരിലുലഞ്ഞ് നാട്

കണ്ടു നിന്നവർക്കെല്ലാം അവരെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് അറിയില്ലായിരുന്നു. മൃതദേഹം പള്ളിയിലേക്ക് എടുത്തതോടെ ശ്രുതി മോളോട് ഞാനെന്ത് പറയും എന്നു പറഞ്ഞായിരുന്നു അമ്മയുടെ അലമുറയിടൽ. ജെൻസണെ അവസാനമായി ഒരു നോക്കുകാണാൻ വൻ ജനക്കൂട്ടമാണ് വീട്ടിലേക്കെത്തിയത്. 
 

jenson dead body at his residence in kalpatta
Author
First Published Sep 12, 2024, 3:38 PM IST | Last Updated Sep 12, 2024, 3:44 PM IST

കൽപ്പറ്റ: കൽപ്പറ്റയിലെ വാഹനപകടത്തിൽ അന്തരിച്ച ജെൻസന്റെ മൃതദേഹം വീട്ടിലെത്തിച്ചു. മാതാപിതാക്കളും സഹോദരിയുമുൾപ്പെടെയുള്ളവർ ജെൻസണ് അന്ത്യ ചുംബനം നൽകി യാത്രയാക്കി. വീട്ടിൽ മതപരമായ ചടങ്ങുകളും സംഘടിപ്പിച്ചു. പ്രാർത്ഥനയ്ക്ക് ശേഷം മൃതദേഹം ആണ്ടൂര്‍ നിത്യസഹായമാതാ പള്ളിയിലേക്ക് കൊണ്ടുപോയി. വീട്ടിൽ അതി വൈകാരിക രം​ഗങ്ങളാണ് അരങ്ങേറിയത്. കുടുംബാം​ഗങ്ങളെ ആശ്വസിപ്പിക്കാൻ കുടുംബക്കാരും നാട്ടുകാരും നന്നേ പാടുപെട്ടു. കണ്ടു നിന്നവർക്കെല്ലാം അവരെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് അറിയില്ലായിരുന്നു. മൃതദേഹം പള്ളിയിലേക്ക് എടുത്തതോടെ ശ്രുതി മോളോട് ഞാനെന്ത് പറയും എന്നു പറഞ്ഞായിരുന്നു അമ്മയുടെ അലമുറയിടൽ. ജെൻസണെ അവസാനമായി ഒരു നോക്കുകാണാൻ വൻ ജനക്കൂട്ടമാണ് വീട്ടിലേക്കെത്തിയത്. വയനാട് ഉരുൾപൊട്ടലിൽ അച്ഛനും അമ്മയും അനിയത്തിയും നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ജെൻസണ്‍.

ഉരുൾപൊട്ടലിൽ ശ്രുതിയുടെ അമ്മ സബിത, അച്ഛൻ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മമ്മ എന്നിവർ മരണപ്പെട്ടു. അഛൻ്റെ രണ്ട് സഹോദരങ്ങൾ ഉൾപ്പെടെ കുടുംബത്തിലെ 9 പേരെ ദുരന്തത്തിൽ നഷ്ടമായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ശ്രുതി. ശ്രുതിയുടെ അച്ഛൻ കെട്ടുപണിക്കാരനും അമ്മ ഷോപ്പിൽ ജോലി ചെയ്യുകയുമായിരുന്നു. മേപ്പാടി പഞ്ചായത്തിലെ പത്താം വാർഡ് മുൻ മെമ്പർ കൂടിയായിരുന്നു അമ്മ സബിത. കൽപ്പറ്റ എൻഎംഎസ് എം ഗവ കോളേജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിനിയായിരുന്നു അനുജത്തി ശ്രേയ. ഉരുൾപൊട്ടലിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ അച്ഛനെയും അനിയത്തിയേയും തിരിച്ചറിഞ്ഞ് സംസ്കാര ചടങ്ങുകൾ നടത്താനായി. എന്നാൽ ഡിഎൻഎ പരിശോധനയുടെ ഫലം വന്ന ശേഷമാണ് അമ്മയെ തിരിച്ചറിഞ്ഞത്.

ശ്രുതിയുടെ കല്യാണത്തിന് കരുതിയിരുന്ന 15 പവൻ സ്വർണ്ണവും 4 ലക്ഷം രൂപയും വീടടക്കം ഉരുൾ കൊണ്ടുപോയി. രണ്ട് മത വിഭാഗങ്ങളിൽ നിന്നുള്ള ശ്രുതിയും ജെൻസണും സ്കൂൾ കാലം മുതൽ സുഹൃത്തുക്കളാണ്. ആ പ്രണയമാണ് വിവാഹ നിശ്ചയത്തിലെത്തിയത്. ഈ ഡിസംബറിൽ നടത്താനിരുന്ന വിവാഹം ശ്രുതിയുടെ ഉറ്റവർ എല്ലാവരും ദുരന്തത്തിൽ മരണപ്പെട്ടതിനാൽ നേരത്തെയാക്കാൻ തീരുമാനിക്കുകയായിരുന്നു. കല്യാണം രജിസ്റ്റർ ചെയ്യാനായിരുന്നു ഇരുവർക്കും ആഗ്രഹം.

കൽപറ്റയിലെ വാഹനാപകടത്തിൽ ജെൺസണ് ഗുരുതരമായി പരിക്കേറ്റ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ജെൻസൺ ഇന്നലെ രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. ചൂരൽമല ഉരുൾപ്പൊട്ടലിൽ അച്ഛനും അമ്മയും സഹോദരിയുമടക്കം 9 ഉറ്റബന്ധുക്കളെ നഷ്ടപ്പെട്ട ശ്രുതിക്ക് അടച്ചുറപ്പുള്ള വീടാണ് ഇനി തൻ്റെ സ്വപ്നമെന്ന് പറഞ്ഞ് പെൺകുട്ടിക്ക് ഒപ്പം നിന്ന യുവാവിൻ്റെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാതെയുള്ള മരണം, കേരളത്തിനാകെ നോവായി മാറി.

'ബി ഉണ്ണികൃഷ്ണൻ തൊഴിൽ നിഷേധത്തിന് കമ്മീഷൻ പിഴയിട്ട വ്യക്തി'; വിനയൻ ഹൈക്കോടതിയിലേക്ക്, സമിതിയിൽ നിന്ന് മാറ്റണം

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios