Asianet News MalayalamAsianet News Malayalam

അജ്ഞാത സുഹൃത്തിൻ്റെ ഫോട്ടോ, ജസ്നയുടെ വ്യാഴാഴ്ചകളിലെ രഹസ്യ പ്രാർഥന; അച്ഛൻ്റെ സത്യവാങ്മൂലം സിബിഐ അന്വേഷിക്കുമോ?

ജസ്ന ജീവിച്ചിരിപ്പുണ്ടോ? അതോ മരിച്ചോ? എന്നീ സംശയം നിലനിൽക്കെയാണ് മകൾ ജീവനോടെയില്ലെന്ന് അച്ഛൻ തന്നെ സത്യവാങ്മൂലത്തിലൂടെ പറഞ്ഞത്

Jesna missing case Latest news CBI may investigate father new Disclosure
Author
First Published Apr 13, 2024, 12:59 AM IST

തിരുവനന്തപുരം: പത്തനംതിട്ടയിൽ നിന്നും ആറുവർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ ജസ്നയെ സംബന്ധിച്ചുള്ള അച്ഛന്‍റെ സത്യവാങ്മൂലത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ജസ്ന ജീവിച്ചിരിപ്പില്ലെന്ന് പറഞ്ഞ അച്ഛൻ മകളുടെ അജ്ഞാത സുഹൃത്തിലേക്കാണ് സംശയമുന നീട്ടുന്നത്. ഈ അജ്ഞാത സുഹൃത്തിനെ കുറിച്ചുള്ള വിവരങ്ങളും ഫോട്ടോയും കൈവശമുണ്ടെന്ന് അച്ഛൻ ജെയിംസ് തിരുവനന്തപുരം സി ജെ എം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

താൻ ഉന്നയിച്ച പല സംശയങ്ങളും സി ബി ഐ അന്വേഷിച്ചില്ലെന്നാണ് അച്ഛൻ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നത്. അച്ഛന്‍റെ സത്യവാങ്മൂലത്തിലെ വെളിപ്പെടുത്തലുകൾ സി ബി ഐ അന്വേഷിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്. അച്ഛന്‍റെ സത്യവാങ്മൂലത്തിന് പിന്നാലെ സി ബി ഐയിലെ അന്വേഷണ ഉദ്യോഗസ്ഥനോട് ഈ മാസം 19 ന് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അന്ന് ഇക്കാര്യത്തിലെ നിലപാട് സി ബി ഐ അറിയിക്കുമെന്നാണ് പ്രതീക്ഷ.

ജസ്ന കേസ് ഇതുവരെ

ജസ്ന ജീവിച്ചിരിപ്പുണ്ടോ? അതോ മരിച്ചോ? എന്നീ സംശയം നിലനിൽക്കെയാണ് മകൾ ജീവനോടെയില്ലെന്ന് അച്ഛൻ തന്നെ സത്യവാങ്മൂലത്തിലൂടെ പറഞ്ഞത്. സംശയമുളള അഞ്ജാത സുഹൃത്തിനെ കുറിച്ച് വിവരം നല്‍കിയിട്ടും ആ ദിശയില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ സി ബി ഐ തയ്യാറായില്ലെന്നതാണ് ജസ്‌നയുടെ പിതാവ് ജെയിംസ് ജോസഫിന്‍റെ പ്രധാന ആരോപണം. സി ബി ഐ സംഘം ശരിയായ ദിശയില്‍ കാര്യങ്ങള്‍ അന്വേഷിക്കുമെങ്കില്‍ ജസ്‌നയുമായി രഹസ്യമായി അടുപ്പം സ്ഥാപിച്ച അഞ്ജാത സുഹൃത്തിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ജാത സുഹൃത്ത് തെളിവുകള്‍ നശിപ്പിക്കുമെന്ന പേടിയുണ്ടെന്നും ജെയിംസ് ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.

രഹസ്യ സ്വഭാവത്തോടെയാണ് സി ബി ഐ അന്വേഷിക്കാന്‍ തയ്യാറാകുന്നതെങ്കില്‍ ആളിന്റെ ഫോട്ടോ അടക്കമുളള ഡിജിറ്റല്‍ തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്നും അച്ഛൻ കോടതിയിൽ നൽകിയ ഉറപ്പ്. ജസ്‌ന രഹസ്യമായി വ്യാഴാഴ്ച പ്രാര്‍ത്ഥനയക്ക് പോയിരുന്ന സ്ഥലം താന്‍ കണ്ടെത്തിയെന്നടക്കം പിതാവ് അവകാശപ്പെട്ടിട്ടുണ്ട്. ജസ്‌നയെ കാണാതായതും ഒരു വ്യാഴാഴ്ചയാണ്. ഈ ദിശയില്‍ സി ബി ഐ അന്വേഷണം എത്തിയില്ലെന്നും പരാതിയുണ്ട്. സി ബി ഐ ആകെ സംശയിച്ചത് ജസ്‌നയുടെ സഹപാഠിയെയാണ്. അയാളെ സി ബി ഐ സംഘം പോളീഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയിട്ടും വിവരങ്ങൾ കിട്ടിയിരുന്നില്ല. ജസ്‌നയെ കാണായതിന്റെ തലേദിവസം ജസ്‌നക്ക് ഉണ്ടായ അമിത രക്ത സ്രാവത്തിന്റെ കാരണം കണ്ടെത്താന്‍ സി ബി ഐ സംഘം ശ്രമിച്ചില്ലെന്നും അച്ഛൻ കുറ്റപ്പെടുത്തുന്നുണ്ട്. പത്തനംതിട്ട മുക്കോട്ടുത്തറ കല്ലുമൂല കുന്നത്ത് ഹൗസില്‍ നിന്ന് 2018 മാര്‍ച്ച് 22 നാണ് ജസ്നയെകാണാതാകുന്നത്. ദുരൂഹതയൊന്നുമില്ലെന്ന് കാണിച്ചുള്ള സി ബി ഐ റിപ്പോർട്ട് തള്ളണമെന്നാണ് അച്ഛന്‍റെ ആവശ്യം. അച്ഛന്‍റെ പുതിയ വെളിപ്പെടുത്തലുകളിലെ സി ബി ഐ നിലപാട് ഈ മാസം 19 ന് അറിയാം. ശേഷമാകും കോടതിയുടെ തീരുമാനം.

ഇക്കുറി ഇതാദ്യം, വേനൽ മഴയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു! വരും മണിക്കൂറിൽ 6 ജില്ലകളിൽ ഇടിമിന്നൽ മഴ സാധ്യത

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios