Asianet News MalayalamAsianet News Malayalam

'ഞാന്‍ ശവമായാണ് എത്തിയതെങ്കില്‍ അവര്‍ സന്തോഷിച്ചേനെ'; പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി ജെഎന്‍യു വിദ്യാര്‍ത്ഥി

ജെഎൻയു വിൽ നടന്ന അക്രമത്തിൽ ഗുരുതരമായ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ തലയിലെ ബാൻഡേജ് കണ്ടില്ലെന്ന പരിഹാസത്തിന് മറുപടിയുമായി എസ്എഫ്ഐ നേതാവ് സൂരി കൃഷ്ണൻ. 

jnu student responds over injury in mask attack in jnu
Author
Kerala, First Published Jan 7, 2020, 6:55 PM IST

തിരുവനന്തപുരം: ജെഎൻയു വിൽ നടന്ന അക്രമത്തിൽ ഗുരുതരമായ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ തലയിലെ ബാൻഡേജ് കണ്ടില്ലെന്ന പരിഹാസത്തിന് മറുപടിയുമായി എസ്എഫ്ഐ നേതാവ് സൂരി കൃഷ്ണൻ. ക്യാമ്പസിൽ നടന്ന അക്രമത്തിൽ തലയ്ക്ക് ഗുരുതര പരിക്കുണ്ട്. ക്യാമ്പസിൽ നിൽക്കുന്നത് ജീവൻ തന്നെ അപകടത്തിലാക്കുമെന്ന ഘട്ടത്തിലാണ് നാട്ടിലേക്ക് മടങ്ങിവന്നതെന്നും സൂരി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

എബിവിപി യുടെ ആളുകൾ തെരഞ്ഞ് പിടിച്ച് ആക്രമിക്കുന്ന സാഹചര്യമായിരുന്നു. ഞാൻ ജീവനോടെ മടങ്ങി വന്നതിലാണ് അവർക്ക് വിഷമം. എന്റെ ശവമായിരുന്നു അവർക്ക് വേണ്ടിയിരുന്നതെന്നും സൂരി പറഞ്ഞു.  തലയിൽ രണ്ടിടതായി സ്റ്റപ്പിൾ ചെയ്തിരിക്കുകയാണ്. പത്ത് പിന്നുകളാണ് പുതിയ രീതിയിൽ സ്റ്റിച്ച് ചെയ്ത് വച്ചിട്ടുള്ളത്. അത് മൂടിവയ്ക്കേണ്ട ആവശ്യമില്ലെന്നും എയിംസ് ആശുപത്രിയിൽ നിന്ന് പറഞ്ഞത്. അതിനാലാണ് ബാൻഡ് എയ്ഡ് നീക്കിയത്. മൂന്നാഴ്ചത്തെ വിശ്രമം വേണമെന്നാണ് ഇന്ന് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്. കയ്യിലെ ചതവിനു സ്‌ളിങ് ഇടാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ചോര വാർന്ന് പോവുന്ന സാഹചര്യത്തിലാണു തലയിൽ കെട്ടി വച്ച് ആശുപത്രിയിലേയ്ക്ക് പോയത്. എബിവിപി നേതാക്കൾ ആശുപത്രിയിൽ എത്തി ഇത് കേരളമല്ല നോക്കി ജീവിക്കണം എന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ജാൻവി എന്ന എബിവിപി നേതാവ് അടിയേറ്റ് പരിക്കേറ്റ എന്റെ ചിത്രം അവരുടെ പ്രവർത്തകൻ എന്ന പേരിൽ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. 

ഇപ്പോ നടക്കുന്ന ഈ കാംപയിൻ നൽകുന്നത് അതിഭീകരമായ മനോവേദനയാണ്. ഞാൻ മരിച്ചാണ് നാട്ടിൽ എത്തിയിരുന്നതെങ്കിൽ അവർക്ക് ഈ പ്രശ്നങ്ങൾ ഉണ്ടാവില്ലായിരുന്നു. പരിക്കിന്റെ ട്രോമയേക്കളും അധികമാണ് ഈ വ്യാജ പ്രചാരണം നൽകുന്ന ട്രോമയെന്നും സൂരി പറ‍ഞ്ഞു.

ജെഎന്‍യുവില്‍ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ സമയത്തെ ചിത്രങ്ങളും തിരിച്ച് നാട്ടിലെത്തിയപ്പോള്‍ ഉള്ള ചിത്രങ്ങളും ചേര്‍ത്തുവച്ച് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചാരണം നടന്നിരുന്നു. ഗുരുതര പരിക്കേറ്റയാള്‍ക്ക് നാട്ടിലെത്തിയപ്പോള്‍ ഒന്നുമില്ലെന്ന തരത്തിലായിരുന്നു പ്രചാരണം. എന്നാല്‍ ഇത് മനപ്പൂര്‍വ്വം സംഘപരിവാര്‍ നടത്തുന്ന പ്രചാരണമാണെന്നും സൂരി പറഞ്ഞു.

"

Follow Us:
Download App:
  • android
  • ios