സായുധ സമരം ഉപേക്ഷിച്ച് മുഖ്യധാരയിലേയ്ക്ക് വരുന്ന മാവോയിസ്റ്റുകള്‍ക്ക്, അവരുള്‍പ്പെട്ട കേസുകളില്‍ ഉദാരമായ സമീപനം സ്വീകരിക്കും

കൽപ്പറ്റ: വയനാട്ടില്‍ കഴിഞ്ഞമാസം കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് വീടും തൊഴിലവസരങ്ങളും സ്റ്റെപ്പെന്റും മറ്റ് ജീവനോപാധികളും നല്‍കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല പുനരധിവാസ സമിതി ശുപാര്‍ശ ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ 2018 ല്‍ പുറപ്പെടുവിച്ച പാക്കേജിന്റെ അടിസ്ഥാനത്തിലാണിത്. 

ഇതനുസരിച്ച് സായുധ സമരം ഉപേക്ഷിച്ച് മുഖ്യധാരയിലേയ്ക്ക് വരുന്ന മാവോയിസ്റ്റുകള്‍ക്ക്, അവരുള്‍പ്പെട്ട കേസുകളില്‍ ഉദാരമായ സമീപനം സ്വീകരിക്കും. വയനാട് ജില്ലയിലെ കാടുകളില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് സംഘാംഗങ്ങള്‍ സായുധ സമരത്തിന്റെ പാത ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് തിരിച്ചുവരണമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാര്‍ അഭ്യര്‍ത്ഥിച്ചു.

താത്പര്യമുള്ള മാവോയിസ്റ്റുകള്‍ക്ക് ജില്ലാ പോലീസ് മേധാവിയെയോ ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസുകളെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയോ ബന്ധപ്പെടാം. ഇങ്ങനെ തിരിച്ചെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ (മാവോയിസ്റ്റ്) കബനിദളത്തിലെ ഡെപ്യൂട്ടി കമാന്റര്‍ ആയിരുന്ന പുല്‍പ്പള്ളി അമരക്കുനി പണിക്കപ്പറമ്പില്‍ ലിജേഷ് എന്ന രാമു (37) ഒക്ടോബര്‍ 25ന് രാത്രി പത്ത് മണിയോടെയാണ് ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാരന് മുമ്പാകെ കീഴടങ്ങിയത്. ആയുധങ്ങളില്ലാതെയായിരുന്നു ലിജേഷ് കീഴടങ്ങാന്‍ എത്തിയത്. മാവോയിസ്റ്റ് ആശയത്തിന്റെ നിഷ്ഫലത ബോധ്യപ്പെട്ട ലിജേഷ് സ്വമനസാലെ കീഴടങ്ങുകയായിരുന്നുവെന്ന് ഐ.ജി അശോക് യാദവ് ലിജേഷിന്റെ സാന്നിധ്യത്തില്‍ വ്യക്തമാക്കിയിരുന്നു. 

ലിജേഷിന്റെ കീഴടങ്ങല്‍ മാവോയിസ്റ്റ് ദളങ്ങളിലെത്തിപ്പെട്ട മറ്റു ചെറുപ്പക്കാര്‍ക്ക് കീഴടങ്ങല്‍-പുനരധിവാസ പദ്ധതി ഉപയോഗപ്പെടുത്താനുള്ള പ്രേരണയാകുമെന്നും ഐജി പറഞ്ഞിരുന്നു. നാലാം ക്ലാസ് വിദ്യാഭ്യാസമുള്ള ലിജേഷ് പുല്‍പ്പള്ളിയില്‍ നിന്ന് പതിറ്റാണ്ടുകള്‍ മുമ്പ് കര്‍ണാടകയിലേക്ക് ഇഞ്ചിപ്പണിക്കുപോയ നിര്‍ധന കുടുംബത്തിലെ അംഗമാണ്. ഏഴു വര്‍ഷമായി മാവോയിസ്റ്റ് പ്രവര്‍ത്തനത്തിലായിരുന്നു. ലിജേഷിന്റെ ഭാര്യയും മാവോയിസ്റ്റ് പ്രവര്‍ത്തകയാണ്. എന്നാല്‍ ഇവര്‍ കീഴടങ്ങിയിട്ടില്ല. 

അഞ്ചു ലക്ഷം രൂപ വരെയാണ് കീഴടങ്ങുന്നവര്‍ക്ക് ലഭിക്കുക. അതേസമയം വയനാടന്‍ കാടുകളില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് സംഘാംഗങ്ങള്‍ സായുധസമരത്തിന്റെ പാത ഉപേക്ഷിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാര്‍ അഭ്യര്‍ത്ഥിച്ചു. സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് തിരിച്ചുവരണമെന്ന് താല്‍പര്യമുള്ള മാവോയിസ്റ്റുകള്‍ക്ക് ജില്ലാ പോലീസ് മേധാവിയെയോ ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസുകളേയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയോ ബന്ധപ്പെടണം. ഇങ്ങനെ തിരിച്ചെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും അദേഹം സൂചിപ്പിച്ചു.