സില്‍വര്‍ലൈന്‍ പദ്ധതി അനിവാര്യമാണ്. ഭാവി വികസനം മുന്നില്‍ കണ്ടുള്ളതാണ് പദ്ധതിയെന്നും ജോ ജോസഫ് പറഞ്ഞു. 

കൊച്ചി: പേമെന്‍റ് സീറ്റ് ആരോപണം തള്ളി തൃക്കാക്കരയിലെ (thrikkakara) ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫ് (joe joseph). വൈദികര്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തിന് എത്തിയത് ജോലിയിലായതിനാലാണെന്ന് ജോ ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിവാദമുണ്ടാക്കുന്നത് വെറുതെയാണ്. തൃക്കാക്കരയില്‍ ഇടത് ജയം ഉറപ്പാണെന്നും ജോ ജോസഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. സില്‍വര്‍ലൈന്‍ പദ്ധതി അനിവാര്യമാണ്. ഭാവി വികസനം മുന്നില്‍ കണ്ടുള്ളതാണ് പദ്ധതിയെന്നും ജോ ജോസഫ് പറഞ്ഞു. 

YouTube video player

അതേസമയം തൃക്കാക്കര മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അതൃപ്തി പരസ്യമാക്കിയിരിക്കുകയാണ് എറണാകുളം അങ്കമാലി അതിരൂപത സംരക്ഷണ സമിതി. ഡോ. ജോ ജോസഫിനെ പിന്തുണയ്ക്കില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത സംരക്ഷണ സമിതി വ്യക്തമാക്കി. ജോ ജോസഫിനായി സഭയുടെ ഏതെങ്കിലും തലത്തിൽ ചർച്ച ഉണ്ടായോ എന്നറിയില്ല. ആരെങ്കിലും നിർദ്ദേശിച്ചു എന്നതുകൊണ്ട് അതിരൂപത പിന്തുണ ഉണ്ടെന്ന് പറയാനാകില്ല. ആർക്ക് വോട്ട് എന്നതിൽ അതിരൂപതയ്ക്ക് നിലപാടുണ്ട്. അതിരൂപതയെ സഹായിച്ചവർക്ക് മാത്രം പിന്തുണയെന്നും ഫാദർ ജോസഫ് പാറേക്കാട്ടിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

സഭയും പി ടി തോമസുമായുണ്ടായിരുന്ന ഭിന്നതകളെ മുതലെടുക്കാനുള്ള സിപിഎമ്മിന്‍റെ രാഷ്ട്രീയതന്ത്രമാണ് തൃക്കാക്കരയില്‍ ജോ ജോസഫിലെത്തിയത്. എന്നാല്‍ ജോ ജോസഫിനെ പിന്തുണയ്ക്കില്ലെന്നാണ് അതിരൂപത സംരക്ഷണ സമിതി നിലപാടെടുത്തിരിക്കുന്നത്. ഗാ‍ഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ എതിര്‍ത്തും അനുകൂലിച്ചുമാണ് പി ടി തോമസും കത്തോലിക്കാ സഭയും പണ്ട് രണ്ടുതട്ടിലായത്. എന്നാല്‍ ക്രൈസ്തവ വിശ്വാസികളില്‍, വിശിഷ്യ കത്തോലിക്ക വോട്ടര്‍മാരില്‍ പി ടി വിരുദ്ധ വികാരം ജോ ജോസഫിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ഉണര്‍ത്താനാകുമെന്നാണ് സിപിഎം കരുതുന്നത്.