പാർലമെൻ്റ് സമ്മേളനം നടക്കുമ്പോഴാണ് ഒരു കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് ഇങ്ങനെ തമ്പടിക്കുന്നതെന്നാണ് ബ്രിട്ടാസിന്‍റെ പരിഹാസം.
ദില്ലി: ആശാ സമരത്തിൽ പങ്കെടുത്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് ജോൺ ബ്രിട്ടാസ് എംപി. ദില്ലിയിൽ അദ്ദേഹത്തിന് ഒരു പണിയുമില്ല എന്നത് വ്യക്തമാക്കുന്നതാണ് നിലവിലെ പ്രവർത്തികൾ. പാർലമെൻ്റ് സമ്മേളനം നടക്കുമ്പോഴാണ് ഒരു കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് ഇങ്ങനെ തമ്പടിക്കുന്നതെന്നാണ് ബ്രിട്ടാസിന്‍റെ പരിഹാസം. സുരേഷ് ഗോപി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് എന്തെങ്കിലും കഴമ്പുണ്ടോ എന്ന് ബിജെപിക്കാർ പോലും വിശ്വസിക്കുന്നില്ലെന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേന്ദ്ര ധനമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ചയിൽ ആശാമാരുടെ പ്രശ്നം വരാത്തതിൻ്റെ നിരാശയിലും അതൃപ്തിയിലുമാണ് സമരക്കാർ. ഫണ്ട് അനുവദിച്ചതിനെ ചൊല്ലി കേന്ദ്രവും കേരളവും തമ്മിലെ തർക്കം ഉടൻ തീർത്ത് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നാണ് ആശാമാരുടെ ആവശ്യം. അതേസമയം തന്‍റെ ഇടപെടലിലൂടെ നേരിയ മാറ്റം ഉണ്ടായിട്ടുണ്ടെന്ന് സമരപന്തലിൽ ഇന്നുമെത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. നാളെ പ്രതിഷേധ പൊങ്കാല ഇട്ട് സമരം ശക്തമാക്കാനാണ് ആശാമാരുടെ തീരുമാനം
ദില്ലി ചർച്ചയിലുണ്ടായിരുന്ന പ്രതീക്ഷ പൊലിഞ്ഞതിൻ്റെ നിരാശയാണ് സെക്രട്ടറിയേറ്റ് പടിക്കലെ സമരവേദിയിൽ. മുഖ്യമന്ത്രി ധനമന്ത്രി കൂടിക്കാഴ്ചയിൽ ആശാമാരുടെ പ്രശ്നം അടക്കം ഉന്നയിക്കുമെന്നായിരുന്നു ദില്ലിയിലെ സംസ്ഥാന സർക്കാറിൻറെ പ്രത്യേക പ്രതിനിധി കെ വി തോമസ് നേരത്തെ നൽകിയ ഉറപ്പ്. കേന്ദ്രവും സംസ്ഥാനവും തമ്മിൽ ഫണ്ടിനെ ചൊല്ലിയുള്ള തർക്കം തുടരുന്നതിലുമുണ്ട് ആശാമാർക്ക് നിരാശ. ആശാമാരുടെ ഇൻസെൻറീവ് കൂട്ടുമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി ജെപി നദ്ദ കൂട്ടുന്നത് എത്രയായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നില്ല. കേരളം ധനവിനിയോഗ സർട്ടിഫിക്കറ്റ് നൽകിയില്ലെന്ന് കേന്ദ്രമന്ത്രിയും കൊടുത്തിരുന്നുവെന്ന് സംസ്ഥാന ആരോഗ്യമന്ത്രിയും ആവർത്തിച്ചിരുന്നു.
ഇൻസെൻറീവ് കൂട്ടുമെന്ന കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനത്തിൻ്റെ ചുവട് പിടിച്ചാണ് സുരേഷ് ഗോപി ഇന്ന് വീണ്ടും സമരക്കാരെ കണ്ടത്. ആറ്റുകാൽ പൊങ്കാല ദിവസമായ നാളെ സമരക്കാരും പൊങ്കാലയിടുന്നു. പൊങ്കാല ഇടാനുള്ള സാധനസാമഗ്രികൾ അടങ്ങിയ കിറ്റ് സുരേഷ് ഗോപി സമരക്കാർക്ക് എത്തിച്ചു. തിങ്കാളാഴ്ച സെക്രട്ടറിയേറ്റ് ഉപരോധം നടത്തി സമരം കടുപ്പിക്കാനാണ് ആശാമാരുടെ നീക്കം.
