'കോൺഗ്രസ്, ബിജെപി, എസ് ഡി പി ഐ, ജമാ അത്ത് ഇസ്ലാമി എന്നിവരുടെ സംയുക്ത നീക്കമാണ് കെ റെയിൽ പദ്ധതിക്കെതിരെ കേരളത്തിൽ നടക്കുന്നത്'.
തിരുവനന്തപുരം: സിൽവർ ലൈൻ (Silver line) വിഷയത്തിൽ തെറ്റിധാരണ പരത്തി കേരളത്തെ കലാപഭൂമിയാക്കാൻ നീക്കം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ(Kodiyeri balakrishnan).കേരളത്തിൽ ഇതാദ്യമായാണ് വികസനപദ്ധതികളെയെല്ലാം എതിർക്കുന്ന ഒരു പ്രതിപക്ഷമെന്ന് കോടിയേരി കുറ്റപ്പെടുത്തി.
'കോൺഗ്രസ്, ബിജെപി, എസ് ഡി പി ഐ, ജമാ അത്ത് ഇസ്ലാമി എന്നിവരുടെ സംയുക്ത നീക്കമാണ് കെ റെയിൽ പദ്ധതിക്കെതിരെ കേരളത്തിൽ നടക്കുന്നത്. എതിർപ്പിന് വേണ്ടിയുള്ള എതിർപ്പാണിത്'. കെ റെയിൽ സർവേ കല്ലുകളിളക്കി മാറ്റുകയും കല്ലിടൽ തടയുകയും ചെയ്യുന്നതിനെ കോടിയേരി വിമർശിച്ചു. സമരക്കാർക്ക് കല്ല് വേണമെങ്കിൽ വേറെ വാങ്ങി കൊടുക്കാമെന്നും കല്ല് വാരി കൊണ്ടു പോയാൽ പദ്ധതി ഇല്ലാതാകുമോയെന്നും കോടിയേരി പരിഹസിച്ചു.
<
രാജ്യത്ത് ബിജെപിക്ക് ബദൽ കോൺഗ്രസ് അല്ലെന്ന് ആവർത്തിച്ച കോടിയേരി, ബിജെ പിക്ക് ബദലായി ഒരു സഖ്യമുണ്ടാക്കാനാണ് ഇടതുപാർട്ടികളുടെ ശ്രമമെന്നും കൂട്ടിച്ചേർത്തു. സിപിഎം സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സെമിനാറിൽ പങ്കെടുക്കില്ലെന്നാണ് കോൺഗ്രസ് തീരുമാനം. എന്നാൽ അവർക്ക് ബിജെപിയുടെയോ എസ്ഡിപിഐയുടെ പരിപാടിയിൽ പോകാൻ തടസമില്ല. അതൊരു പുതിയ സഖ്യമാണ്. അങ്ങനെയുള്ള അവരെങ്ങനെ ബിജെപിയെ നേരിടുമെന്നും കോടിയേരി ചോദിച്ചു.
പിന്നോട്ടില്ല; കെ റെയിലിനെതിരെ കടുപ്പിച്ച് യുഡിഎഫ്
ചെങ്ങന്നൂർ: കെ റെയില്‍ (K Rail) കടന്നുപോകുന്ന വില്ലേജുകളില്‍ യുഡിഎഫ് (UDF) നടത്തുന്ന പ്രതിഷേധ ജനസദസുകൾക്ക് ഇന്ന് തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് മൂന്നിന് ചെങ്ങന്നൂർ മുളക്കുഴയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വ്വഹിക്കും. നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലികുട്ടി, പി.ജെ ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.
കെ റെയിൽ വിരുദ്ധസമരം യുഡിഎഫ് ഏറ്റെടുക്കുന്നതായി ഇന്നലെ പ്രതിപക്ഷനേതാവ് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ശക്തമായ പ്രതിഷേധം നടന്ന കോട്ടയം മാടപ്പള്ളിയിൽ, നേതാക്കളെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പറ്റില്ല. അതിനെ പൊലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് അടിച്ചമര്‍ത്താമെന്നാണ് മുഖ്യമന്ത്രി കരുതുന്നതെങ്കില്‍ അദ്ദേഹത്തിന് തെറ്റുപറ്റിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളം മുഴുവന്‍ ഇതുപോലുള്ള സമരം ആവര്‍ത്തിക്കാന്‍ പോവുകയാണ്. ബംഗാളിലെ നന്ദിഗ്രാമില്‍ നടന്ന സമരത്തിന്‍റെ തനിയാവര്‍ത്തനമാണ് ഇതെന്ന് ഞങ്ങള്‍ സൂചിപ്പിച്ചതാണെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.
വി ഡി സതീശന്‍റെ നേതൃത്വത്തിൽ യുഡിഎഫ് നേതാക്കളുടെ നിരയാണ് മാടപ്പള്ളിയിൽ എത്തിയത്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, പി ജെ ജോസഫ് തുടങ്ങിയ നേതാക്കളെ ആവലാതി അറിയിക്കാൻ വീട്ടമ്മമാർ ഉൾപ്പടെയുള്ളവരെത്തി. മാടപ്പള്ളിയില്‍ ഡിസിസി പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലുപിഴുത് പ്രതിഷേധിച്ചു. ഇന്നലെ വൻ പൊലീസ് സന്നാഹത്തിൽ സ്ഥാപിച്ച അതിരടയാള കല്ലുകളാണ് ഡിസിസി പ്രസിഡന്‍റും കൂട്ടരും പിഴുതെറിഞ്ഞത്. ഇന്നലെ രാത്രി തന്നെ മൂന്നു കല്ലുകൾ നാട്ടുകാർ എടുത്തു മാറ്റിയിരുന്നു.
