കോൺഗ്രസ് സമരത്തിനിടെ പ്രകോപനം സൃഷ്ടിച്ചത് ജോജുവാണെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് കെ ബാബു. പൊലീസ് ഇതിന് കൂട്ടുനിൽക്കുകയായിരുന്നുവെന്നാണ് ആക്ഷേപം

കൊച്ചി: ജോജു ജോർജ്ജ് സദാചാര പൊലീസ് ചമയുകയാണെന്ന് ചെയ്തതെന്ന് കോൺഗ്രസ് നേതാവ് കെ ബാബു. മാസ്ക് ധരിക്കാതെയാണ് ജോജു അട്ടഹസിച്ചത്, എന്തുകൊണ്ട് ഇതിനെതിരെ പൊലീസ് കേസെടുത്തില്ലെന്നാണ് ബാബു ചോദിക്കുന്നത്. സിനിമാ നടൻമാർക്ക് വേറെ നിയമം ഉണ്ടോയെന്നാണ് ചോദ്യം. ഒത്തുതീർപ്പ് ശ്രമത്തിൽ നിന്ന് ജോജുവിനെ പിന്തിരിപ്പിച്ചത് സിപിഎം നേതൃത്വമാണെന്നും കെ ബാബു ആരോപിച്ചു. 

YouTube video player

കോൺഗ്രസ് സമരത്തിനിടെ പ്രകോപനം സൃഷ്ടിച്ചത് ജോജുവാണെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് കെ ബാബു. പൊലീസ് ഇതിന് കൂട്ടുനിൽക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. സിപിഎം സമരത്തിനിടയിലേക്കാണ് ജോജു വന്നിരുന്നതെങ്കിൽ ആംബുലൻസിൽ കൊണ്ടുപോകേണ്ടി വന്നേനെയെന്നും ബാബു പറയുന്നു. 

സമവായ ശ്രമങ്ങൾ നിലച്ചതിന് പിന്നാലെ നടൻ ജോജുവിനെതിരെ നിലപാട് കടുപ്പിക്കുകയാണ് കോൺഗ്രസ്. ജോജുവിനെതിരെ കേസെടുക്കാൻ വൈകുന്ന സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് മഹിള കോൺഗ്രസും. സമവായ ചർച്ചകളിൽ നിന്ന് മാറി നിയമനടപടികളിലേക്ക് കടന്ന ജോജുവിനെതിരെ ഇനി രമ്യമായ നിലപാട് വേണ്ടെന്നാണ് കോൺഗ്രസ് നിലപാട്. ഇതിന്‍റെ ഭാഗമാണ് കെ ബാബു ജോജുവിനെതിരെ രംഗത്തെത്തിയത്. 

വൈറ്റിലയിൽ തങ്ങളുടെ പ്രവർത്തകരെ ആക്രമിച്ചതിന് ജോജുവിനെതിരെ കേസെടുക്കണമെന്ന ആവശ്യം മഹിള കോൺഗ്രസ് ആവർത്തിക്കുന്നു. അനൂകൂല തീരുമാനം വരുന്നത് വരെ പ്രതിഷേധം തുടരാനാണ് തീരുമാനം. ഡിസിസി നിർദ്ദേശപ്രകാരമമാണ് പ്രതിഷേധം ശക്തമാക്കുന്നത്. 

സംഭവ ദിവസം വനിതാ നേതാക്കൾ നടത്തിയ പ്രതികരണം. 

YouTube video player

Read Also : Joju george| കോണ്‍ഗ്രസ്-ജോജു വിവാദം: ജോജു ആദ്യം ഖേദം പ്രകടിപ്പിക്കട്ടെയെന്ന് ഡിസിസി പ്രസിഡന്റ്

ഇതിനിടെ നടൻ ജോജുവിനെ ആക്രമിച്ച കേസിൽ ഒരു കോൺഗ്രസ് പ്രവ‍ർത്തകൻ കൂടി അറസ്റ്റിലായി. കോൺഗ്രസിന്‍റെ തൃക്കാക്കര മുൻ മണ്ഡലം പ്രസിഡന്‍റ് ഷെരീഫാണ് അറസ്റ്റിലായത്. നേരത്തെ പിടിയിലായ പി ജി ജോസഫിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കേസിലെ എട്ട് പ്രതികളിൽ ഏഴ് പേരെ ഇനിയും കണ്ടെത്താനുണ്ട്.

Read More: Joju george| ജോജുവിന്‍റെ കാര്‍ തകര്‍ത്ത കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍