കോട്ടയം: കേരളം ഉറ്റ് നോക്കുന്ന രാഷ്ട്രീയ ചുവട് മാറ്റത്തിന്‍റെ ക്ലൈമാക്സിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ കോട്ടയത്ത് കൂട്ടലും കിഴിക്കലുമായി മുന്നണികള്‍. ജോസ് കെ. മാണിയുടെ ഇടത് പ്രവേശനം നേട്ടമാകുമെന്ന് എല്‍ഡിഎഫ് അവകാശപ്പെടുമ്പോള്‍ പരമ്പരാഗത കോട്ട തകരില്ലെന്ന ശുഭപ്രതീക്ഷയിലാണ് യുഡിഎഫ്. അതിനിടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് എൻസിപി വിട്ട് നിന്നെന്ന ആക്ഷേപം ശക്തമാക്കിയിരിക്കുകയാണ് കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷം. 

പാലായും കോട്ടയം ജില്ലാ പഞ്ചായത്തുമായിരിക്കും ജില്ലയില്‍ ഉറ്റ് നോക്കുന്ന ഫലങ്ങള്‍. ജോസ് കെ മാണിയുടെ ഇടത് പ്രവേശനത്തിന്‍റെ ശരിയും തെറ്റും ഇവിടെ വിലയിരുത്തപ്പെടും. ജില്ലാ പഞ്ചായത്തില്‍ 16 സീറ്റ് വരെയാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്. പാലായില്‍ നേരിയ ഭൂരിപക്ഷത്തില്‍ ഭരണം പിടിക്കുമെന്നും  ജോസിന് ഭൂരിപക്ഷമുള്ള നിരവധി പഞ്ചായത്തുകളില് ഇത്തവണ യുഡിഎഫിന് കടുത്ത പരാജയം ഉണ്ടാകുമെന്നുമാണ് സിപിഎം വിലയിരുത്തുന്നത്. 

എന്നാല്‍ കേരളാ കോണ്‍ഗ്രസ് വോട്ടുകള്‍ വീണത് തങ്ങളുടെ പെട്ടിയിലാണെന്നാണ് യുഡിഎഫ് നേതാക്കളുടെ അവകാശവാദം. 
പാലാ ഉപതെരഞ്ഞെടുപ്പിലേത് പോലെ ജോസ് കെ മാണിക്കെതിരായ വികാരവും അദ്ദേഹത്തിന്‍റെ ഇടത് പ്രവേശം അണികളില്‍ ഉണ്ടാക്കിയ അസംപ്തൃപ്തിയും വോട്ടായിമാറുമന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ കണക്ക് കൂട്ടല്‍. ജില്ലാ പഞ്ചായത്തില്‍ അധികാരം ഉറപ്പെന്ന് യുഡിഎഫ് പറയുന്നു.

ജോസിനും കൂട്ടര്‍ക്കും ഈ തെരഞ്ഞെടുപ്പ് നിലനില്‍പ്പിന്‍റെ പ്രശ്നം കൂടിയാണ്. പാലായിലടക്കം എൻസിപി കാലുവാരിയെന്ന് രഹസ്യമായി സമ്മതിക്കുന്ന ജോസ് ക്യാമ്പ് പക്ഷേ എല്‍ഡിഎഫ് പ്രവശനം നേട്ടമാകുമെന്ന് കരുതുന്നു. അഞ്ച് പഞ്ചായത്തുകളുടെ ഭരണമാണ് ബിജെപിയുടെ ഉന്നം. വോട്ട് കച്ചവട ആരോപണം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ബിജെപിക്ക് കോട്ടയം ഫലം നിര്‍ണ്ണായകമാണ്. പിസി ജോര്‍ജിന്‍റെ ജനപക്ഷം ജില്ലാ പഞ്ചായത്തില്‍ ഭരണം നിശ്ചയിക്കുമോ എന്നും നാളെ അറിയാം.