Asianet News MalayalamAsianet News Malayalam

യുഡിഎഫിൽ കരുത്തനായി പിജെ ജോസഫ് : എൽഡിഎഫിൽ ഇനി പാലായ്ക്ക് വേണ്ടി പോര്

അരനൂറ്റാണ്ട് കാലം കെഎം മാണി എംഎൽഎയായിരുന്ന പാലാ സീറ്റ് തിരികെ നേടി അവിടെ മത്സരിച്ചു ജയിക്കുക എന്നത് ജോസ് വിഭാ​ഗത്തെ സംബന്ധിച്ച് അഭിമാനപ്രശ്നമാണ്. എന്നാൽ മൂന്ന് വട്ടം തോറ്റിട്ടും പിന്മാറാതെ മത്സരിച്ചു ജയിച്ച പാലാ സീറ്റ് കൊടുക്കാൻ മാണി സി കാപ്പാനും തയ്യാറാവില്ല.

jose k mani joining LDF what about pala then
Author
Kottayam, First Published Oct 14, 2020, 1:07 PM IST

കോട്ടയം: 38 വർഷം നീണ്ട ബാന്ധവം ഉപേക്ഷിച്ച ജോസ് കെ മാണി യുഡിഎഫ് വിടുന്നതോടെ കേരള രാഷ്ട്രീയത്തിലെ മുന്നണി സമവാക്യത്തിൽ മാറ്റം വരുകയാണ്. യഥാർത്ഥ കേരള കോൺ​ഗ്രസായി പിജെ ജോസഫ് വിഭാ​ഗത്തെയാണ് കോൺ​ഗ്രസും ലീ​ഗും പരി​ഗണിക്കുന്നത്. അതാണ് ജോസ് കെ മാണിയുടെ പടിയിറക്കത്തിന് ഇപ്പോൾ കാരണമായത്. 

ജോസ് കെ മാണിയുടെ മുന്നണി മാറ്റത്തോടെ കേരള രാഷ്ട്രീയത്തിൽ സജീവമായിരുന്ന പല പ്രശ്നങ്ങൾ അവസാനിക്കുകയും ചില പുതിയ തർക്കങ്ങൾ ആരംഭിക്കുകയുമാണ്. രണ്ടില ചിഹ്നത്തിന് വേണ്ടി പിജെ ജോസഫുമായി നടത്തുന്ന പോരാട്ടം ജോസ് എൽഡിഎഫിലെത്തിയാലും അതേ തീവ്രതയോടെ തുടരുമെങ്കിലും വിട്ടു പോകും മുൻപായി ജോസിനൊപ്പമുള്ള ഒരു വിഭാഗം നേതാക്കളേയും അണികളേയും ഒപ്പം നിർത്താനായത് പിജെ ജോസഫിന് നേട്ടമാണ്. 

അൽപം ചരിത്രം...

2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായാണ് ഇടതുമുന്നണിയിലുണ്ടായിരുന്ന പിജെ ജോസഫ് വിഭാഗം കെഎം മാണി നയിക്കുന്ന കേരള കോൺ​ഗ്രസിൽ ലയിച്ചത്. ജോസഫിനൊപ്പം കേരള കോൺ​ഗ്രസ് സെക്ക്യുലർ നേതാവ് പി.സി.ജോ‍ർജും മാണിക്കൊപ്പം ചേ‍ർന്നു. 2014-ൽ കേരള കോൺ​ഗ്രസിൻ്റെ അൻപതാം ജന്മവാ‍ർഷിക പരിപാടിയിൽ പാ‍ർട്ടിക്കും മാണിക്കും മുഖ്യമന്ത്രി സ്ഥാനത്തിന് അ‍ർഹതയുണ്ടെന്ന പിസി ജോർജിൻ്റെ പ്രസ്താവന കേരള രാഷ്ട്രീയത്തിൽ വലിയ ച‍ർച്ചയായിരുന്നു.

കെഎം മാണിക്ക് മുഖ്യമന്ത്രിസ്ഥാനം വാ​ഗ്ദാനം ചെയ്ത്  യുഡിഎഫ് സ‍ർക്കാരിനെ അട്ടിമറിക്കാൻ ഇടതുമുന്നണി നീക്കം തുടങ്ങിയെന്ന വാ‍ർത്തകളും ഈ ഘട്ടത്തിൽ പ്രചരിച്ചിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ബിജു രമേശ് എന്ന ബാറുടമ ചാനൽ ച‍ർച്ചയ്ക്കിടെ കെഎം മാണി കോഴ നൽകിയെന്ന ആരോപണം ഉന്നയിച്ചത്. ബാ‍ർ കോഴ എന്ന പേരിൽ കെഎം മാണിയേയും കേരള കോൺ​ഗ്രസിനേയും പിടിച്ചു കുലുക്കിയ സംഭവപരമ്പരകളുടെ തുടക്കമായിരുന്നു ബിജു രമേശിൻ്റെ ആരോപണം.

ബാ‍ർ കോഴ വിവാദം ഏറ്റെടുത്ത് മാണിക്കെതിരെ ഇടതുപക്ഷം ശക്തമായ സമരപരിപാടികളുമായി രം​ഗത്തു വന്നു. സംവിധായകൻ ആഷിഖ് അബു തുടക്കമിട്ട മാണി സാറിന് എൻ്റെ വക അഞ്ഞൂറ്... എന്ന ക്യാംപെയ്ൻ സമൂഹമാധ്യമങ്ങളിൽ അതിവേ​ഗം പ്രചരിച്ചു. 2015-ലെ ബജറ്റ് അവതരണത്തിനിടെ നിയമസഭയിൽ ധനമന്ത്രിയായ കെഎം മാണിക്കെതിരെ പ്രതിപക്ഷം നടത്തിയ പ്രതിഷേധം കേരളത്തിനാകെ നാണക്കേടായി. സംഭവബഹുലമായ ഈ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്കിടെ ഹൈക്കോടതിയിൽ നിന്നും കടുത്ത വിമ‍ർശനം നേരിട്ടതോടെ കെഎം മാണി ധനമന്ത്രിസ്ഥാനം രാജിവച്ചു. പിന്നാലെ നടന്ന നിയമസഭാ തെര‍ഞ്ഞെടുപ്പിൽ തട്ടകമായ പാലായിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന് മാണി കഷ്ടിച്ചു ജയിച്ചു.

2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ‍ർക്കാർ അധികാരത്തിൽ വന്ന ശേഷം ചരൽക്കുന്നിൽ ചേർന്ന കേരള കോൺ​ഗ്രസ് ക്യാംപ് യുഡിഎഫ് വിടാൻ തീരുമാനിച്ചു. ബാ‍ർ കോഴയിൽ യുഡിഎഫ് പാർട്ടിയെ വഞ്ചിച്ചു എന്നാരോപിച്ചായിരുന്നു മാണിയുടെ പിൻവാങ്ങാൽ. യുഡിഎഫ് വിടുന്നതിനെ പാർ‌ട്ടിയിലെ ജോസഫ് വിഭാ​ഗം എതിർത്തെങ്കിലും മാണിയുടെ സമ്മർദ്ദത്തെ തുടർന്ന് അവരും ഒപ്പം നിന്നു. 

ഒടുവിൽ 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായി കേരള കോൺ​ഗ്രസ് എം യുഡിഎഫിൽ തിരിച്ചെത്തി. തിരിച്ചു വരാനുള്ള വിലപേശലിൻ്റെ ഭാ​ഗമായി രാജ്യസഭാ സീറ്റ് കെഎം മാണി യുഡിഎഫിൽ നിന്നും ചോദിച്ചു വാങ്ങി. കോട്ടയം എംപിയായിരുന്ന ജോസ് കെ മാണി സ്ഥാനം രാജിവച്ച് രാജ്യസഭാ എംപിയായി. 

പാ‍ർട്ടി സ്ഥാനാ‍ർത്ഥിയായി തോമസ് ചാഴിക്കാടൻ കോട്ടയത്ത് നാമനി‍ർദേശപത്രിക കൊടുത്തു പ്രചാരണം ആരംഭിച്ചതിന് പിന്നാലെ മാണിയുടെ ആരോ​ഗ്യനില വഷളാവുകയും അദ്ദേഹം മരണപ്പെടുകയും ചെയ്തു. പിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ തോമസ് ചാഴിക്കാടൻ കോട്ടയത്ത് ജയിച്ചു. 

മാണിയുടെ മരണത്തോടെ കേരള കോൺ​ഗ്രസിനുള്ളിൽ അഭ്യന്തരകലഹം രൂക്ഷമായി. പാ‍ർട്ടിയിൽ അധികാരം സ്ഥാപിക്കാൻ പിജെ ജോസഫും ജോസ് കെ മാണിയും തമ്മിൽ നടന്ന ഈ പോരാണ് ജോസും കൂട്ടരും യുഡിഎഫ് വിടുന്നതിലേക്ക് നയിച്ചത്. പാലാ ഉപതെര‍ഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തോടെ രണ്ട് വിഭാ​ഗമായി ഒരു പാ‍ർട്ടി വേണ്ടെന്ന നിലപാടിലേക്ക് യുഡിഎഫും എത്തിയിരുന്നു. എന്നാൽ ജോസ് മുന്നണി വിടുന്ന ഘട്ടത്തിൽ തന്നെ അദ്ദേഹത്തോടൊപ്പമുള്ള ഒരു വിഭാ​ഗം ജോസഫിന് കൂറു പ്രഖ്യാപിച്ചിരുന്നു. ജോസഫിനൊപ്പമുള്ള ആരേയും അടർത്തിയെടുക്കാൻ ജോസിനായതുമില്ല. 

രണ്ടില ചിഹ്നത്തിൻ്റെ അവകാശം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ജോസ് കെ മാണി വിഭാ​ഗത്തിന് നൽകിയത് അവ‍ർക്ക് ​ഗുണമായെങ്കിലും കമ്മീഷൻ്റെ തീരുമാനത്തെ ചോദ്യം ചെയ്ത് പിജെ ജോസഫ് കോടതിയെ സമീപിച്ചതോടെ ഇതേ ചൊല്ലിയുള്ള നിയമപോരാട്ടം ആരംഭിച്ചു. ഈ കേസ് ഇപ്പോഴും തുടരുകയാണ്. 

ഇടുക്കി എംഎൽഎ റോഷി അ​ഗസ്റ്റിൻ, കാഞ്ഞിരപ്പള്ളി എംഎൽഎ എൻ.ജയരാജ്, കോട്ടയം എംപി തോമസ് ചാഴിക്കാടൻ എന്നിവ‍ർ രാജ്യസഭാ എംപി കൂടിയായ ജോസ് കെ മാണിക്കൊപ്പമാണുള്ളത്. ഫലത്തിൽ രണ്ട് എംപിമാരും രണ്ട് എംഎൽഎമാരും ജോസ് വിഭാ​ഗത്തിൽ നിന്നുണ്ട്. യുഡിഎഫിൻ്റെ ഭാ​ഗമായി ലഭിച്ച രാജ്യസഭാ എംപി സ്ഥാനം രാജിവയ്ക്കുമെന്ന് ജോസ് കെ മാണി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നിയസഭയുടെ കാലാവധി തീരും മുൻപ് തെരഞ്ഞെടുപ്പ് നടക്കുന്ന പക്ഷം എൽഡിഎഫിൽ നിന്നും ജോസ് വിഭാ​ഗം സ്ഥാനാർത്ഥിക്ക് ആ സീറ്റിൽ മത്സരിച്ചു ജയിക്കാനാവും.

തൊടുപുഴ എംഎൽഎയായ പിജെ ജോസഫും കൂടാതെ, കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫും ആണ് ജോസഫ് വിഭാ​ഗത്തിൽ നിന്നുള്ള എംഎൽഎമാ‍ർ. ചങ്ങനാശ്ശേരിയിൽ നിന്നുള്ള കേരള കോൺ​ഗ്രസ് എംഎൽഎയായിരുന്ന സിഎഫ് തോമസ് കഴിഞ്ഞ മാസമാണ് മരണപ്പെട്ടത്. ആറ് മാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ ഇവിടെ ഇനി ഉപതെരഞ്ഞെടുപ്പിന് സാധ്യതയില്ല. 

കേരള കോൺ​ഗ്രസിൻ്റെ അടയാളചിഹ്നമായ പാലാ സീറ്റിൽ മാണിയുടെ നിര്യാണത്തെ തുട‍ർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൻസിപി നേതാവ് മാണി സി കാപ്പനാണ് മത്സരിച്ചു ജയിച്ചത്. 2006,2011,2016 വർഷങ്ങളിൽ മാണിയോട് പാലായിൽ മത്സരിച്ച തോറ്റ മാണി സി കാപ്പൻ ഒരോ തവണയും മാണിയുടെ ഭൂരിപക്ഷം കുറച്ചു കൊണ്ടു വന്നിരുന്നു. മാണിയുടെ മരണാനന്തരം 2019-ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാ‍ർത്ഥി ജോസ് ടോമിനെ അട്ടിമറിച്ച് അദ്ദേഹം ഒടുവിൽ പാലായിൽ വിജയക്കൊടി നാട്ടുകയും ചെയ്തു. 

2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 15 സീറ്റാണ് മാണിയും ജോസഫും ഉൾപ്പെട്ട കേരള കോൺ​ഗ്രസിന് നൽകിയത്. ജോസ് വിഭാ​ഗം മുന്നണി വിടുന്നതോടെ ഇതിൽ പകുതിയും തിരിച്ചെടുക്കാനാണ് സാധ്യത. എന്നാൽ കേരള കോൺ​ഗ്രസ് പാരമ്പര്യവും മധ്യതിരുവിതാംകൂറിലെ ശക്തിയും ചൂണ്ടിക്കാട്ടി കൂടുതൽ സീറ്റുകൾ നിലനി‍ർത്താൻ ജോസഫിന് നിലവിൽ കരുത്തുണ്ട്. അതേസമയം 12 സീറ്റുകളാണ് ജോസ് കെ മാണിക്ക് എൽഡിഎഫ് വാ​ഗ്ദാനം ചെയ്യുന്നത്. ഇതിൽ കോട്ടയം ജില്ലയിൽ പാലാ അടക്കം അഞ്ച് സീറ്റും ഉൾപ്പെടും.

അരനൂറ്റാണ്ട് കാലം കെഎം മാണി എംഎൽഎയായിരുന്ന പാലാ സീറ്റ് തിരികെ നേടി അവിടെ മത്സരിച്ചു ജയിക്കുക എന്നത് ജോസ് വിഭാ​ഗത്തെ സംബന്ധിച്ച് അഭിമാനപ്രശ്നമാണ്. എന്നാൽ മൂന്ന് വട്ടം തോറ്റിട്ടും പിന്മാറാതെ മത്സരിച്ചു ജയിച്ച പാലാ സീറ്റ് കൊടുക്കാൻ മാണി സി കാപ്പാനും തയ്യാറാവില്ല. എൻസിപി നേതാവായ മാണി സി കാപ്പാന് പാലാ നിലനിർത്താൻ എന്തു കടുത്ത നീക്കവും നടത്തിയേക്കും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാ‍ർത്ത. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി കാപ്പൻ ആശയവിനിമയം നടത്തി എന്ന യുഡിഎഫ് കൺവീനറുടെ പ്രസ്താവന എൽഡിഎഫിൽ രൂപപ്പെടാൻ സാധ്യതയുള്ള ഒരു പൊട്ടിത്തെറിയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

മാണി സി കാപ്പന് പാലാ ലഭിക്കാൻ എൻസിപി നേതൃത്വം എത്രത്തോളം താത്പര്യമെടുക്കും എന്നതും കണ്ടറിയണം. മന്ത്രി എ.കെ.ശശീന്ദ്രനാണ് മാണി സി കാപ്പനെ കൂടാതെ എൻസിപിയിലെ ഒരേ ഒരു എംഎൽഎ. മരണപ്പെട്ട തോമസ് ചാണ്ടിയായിരുന്നു പാർട്ടിയുടെ മറ്റൊരു പ്രമുഖ നേതാവ്. പാലാ ജോസിന് നൽകണം എന്ന രാഷ്ട്രീയ തീരുമാനം എൽഡിഎഫ് ഔദ്യോ​ഗികമായി പ്രഖ്യാപിച്ചാൽ മുന്നണി വിടാൻ കാപ്പൻ മടിക്കില്ല. ആ തീരുമാനത്തിനൊപ്പം അദ്ദേഹത്തിൻ്റെ പാർട്ടിയും നിന്നില്ലെങ്കിൽ എൻസിപി പിള‍ർപ്പിലേക്ക് നീങ്ങും. അല്ലാത്ത പക്ഷം എൽഡിഎഫിന് ഒരു സഖ്യകക്ഷിയെ നഷ്ടമാകും. 

സ്വാഭാവികമായും തങ്ങൾ കൂടി കഷ്ടപ്പെട്ട് വള‍ർത്തിയെടുത്ത് കൊണ്ടു വന്ന ഒരു നേതാവിനെ നഷ്ടപ്പെടുത്തുക എന്ന സാഹചര്യമായിരിക്കും എൽ‍ഡിഎഫിനും സിപിഐഎമ്മിനും അപ്പോൾ നേരിടേണ്ടി വരിക. മറുവശത്ത് യുഡിഎഫിനാകട്ടെ നഷ്ടപ്പെട്ടു പോയ പാലാ തിരികെ പിടിക്കാനുള്ള സുവ‍ാർണവസരമായി അതുമാറുകയും ചെയ്യും. വ്യക്തിപരമായ വോട്ടുകളാണ് കാപ്പാന് പാലായിൽ ജയിക്കാൻ തുണയായത് എന്നതിനാൽ പാർട്ടി വിടുന്ന പക്ഷം അദ്ദേഹതിൻ്റെ അടുത്ത തട്ടകം എവിടെ എന്ന ചോദ്യം തത്കാലം അപ്രസക്തമാണ്.  

Follow Us:
Download App:
  • android
  • ios