തിരുവനന്തപുരം: മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും തമ്മിൽ തല്ലിനും ഒടുവിൽ ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കേണ്ടി വന്നത് ഗത്യന്തരമില്ലാതെയെന്ന് വിശദീകരിച്ച് യുഡിഎഫ്. ജില്ലാ പഞ്ചായത്ത് പദവി സംബന്ധിച്ച് ധാരണ പാലിക്കണമെന്ന് കോൺഗ്രസ് നേതാക്കളും യുഡിഎഫ് നേതൃത്വവും നിരന്തരം ആവശ്യപ്പെട്ടിട്ടും ആവര്‍ത്തിച്ച് അതെല്ലാം ലംഘിച്ച സാഹചര്യത്തിലാണ് കടുത്ത തീരുമാനത്തിലേക്ക് നേതൃത്വം നീങ്ങിയത്. തന്നിഷ്ടപ്രകാരമുള്ള നടപടികൾ മുന്നണി സംവിധാനത്തെ ഉലയ്ക്കുന്ന സാഹചര്യത്തിൽ ഇനിയൊരു തീരുമാനം എടുക്കാതെ പറ്റില്ലെന്ന തീരുമാനത്തിലേക്ക് യുഡിഎഫ് നേതൃത്വം എത്തിച്ചേരുകയായിരുന്നു. 

ധാരണ പ്രകാരം ജോസ് പക്ഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവി ജോസഫ് വിഭാഗത്തിന് കൈമാറണം എന്ന ഉറച്ച നിലപാടിലായിരുന്നു യുഡിഎഫ്. ഇക്കാര്യം പലവട്ടം ആവശ്യപ്പെടുകയും ചെയ്തു. സ്ഥാനം വെച്ചുമാറാൻ ധാരണ ഉണ്ടെന്ന് നേതാക്കൾ പല തവണ ആവർത്തിച്ചിട്ടും ജോസ് പക്ഷം മുന്നണിയെ വെല്ലുവിളിക്കുന്നെന്നാണ് യുഡിഎഫ് വിലയിരുത്തിയിരുന്നത്.

മുന്നണി വ്യവസ്ഥയെ തന്നെ ചോദ്യം ചെയ്യുന്ന ജോസിന്‍റെ പരസ്യ നിലപാട് കോൺഗ്രസ് നേതാക്കൾ മാത്രമല്ല മുന്നണി സംവിധാനത്തിനകത്തും ജോസ് പക്ഷത്തിനെതിരായ വികാരം ശക്തമാക്കിയിരുന്നു. പലപ്പോഴും കേരളാ കോൺഗ്രസ് തര്‍ക്കത്തിലടക്കം മധ്യസ്ഥ ചര്‍ച്ച നടത്തിയിരുന്ന മുസ്ലീം ലീഗ് നേതൃത്വവും പികെ കുഞ്ഞാലിക്കുട്ടിയും വരെ നടപടി അംഗീകരിച്ചതായാണ് നേതാക്കളുടെ പ്രതികരണങ്ങളിൽ നിന്ന് മനസിലാകുന്നത്. 

തുടര്‍ന്ന് വായിക്കാം: ജോസ് വിഭാഗം വഴിയാധാരമാകില്ലെന്ന് റോഷി, പുറത്താക്കിയാലും പോകില്ലെന്ന് സ്റ്റീഫൻ ജോർജ്...

വലിയ രാഷ്ട്രീയ തീരുമാനം ആണ്. മുന്നണിക്ക് ഉണ്ടാകുന്ന നഷ്ടങ്ങളേക്കാൾ അച്ചടക്കത്തോടെ മുന്നോട്ട് പോകേണ്ടതിന്‍റെ പ്രാധാന്യമാണ് കണക്കിലെടുത്തതെന്ന സൂചന കൃത്യമായി യുഡിഎഫ് കൺവീനര്‍ ബെന്നി ബെഹന്നാൻ വരെ പരസ്യ നിലപാട് ഇക്കാര്യത്തിൽ എടുത്തതും ശ്രദ്ധേയമാണ്. അതേ സമയം കേരളാ കോൺഗ്രസ് ശക്തി കേന്ദ്രമായ കോട്ടയത്ത് അടക്കം പ്രത്യേകിച്ച് തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ ജോസ് വിഭാഗത്തെ പുറത്താക്കി മുന്നോട്ട് പോകുന്നതെങ്ങനെ എന്ന കാര്യത്തിലും ആലോചനകൾ നടക്കുന്നുണ്ട്.  മുന്നണിയിൽ നിന്ന് പുറത്താക്കിയെങ്കിലും ജോസ് പക്ഷവുമായി ചര്‍ച്ച തുടര്‍ന്നേക്കാമെന്ന സൂചനയും യുഡിഎഫ് വൃത്തങ്ങൾ നൽകുന്നുണ്ട്.

അതേ സമയം നയം വ്യക്തമാകട്ടെ എന്നിട്ട് തീരുമാനം എന്ന നിലപാടിലാണ് ഇടത് മുന്നണി നേതൃത്വം. തിരക്കിട്ട് ഒരു തീരുമാനം ഇക്കാര്യത്തിൽ എടുക്കുന്നതിന് പകരം കാത്തിരുന്ന് കളികാണാനാണ് ഇടത് മുന്നണി തീരുമാനം.  യുഡിഎഫിൽ  അധികാര തർക്കമാണ്. ജോസ് പക്ഷം നയം വ്യക്തമാക്കട്ടെ, എൽ.ഡി.എഫ് നയത്തിൻ്റെ സമീപനത്തോട് യോജിപ്പുണ്ടെങ്കിൽ മുന്നണിയിലെടുക്കും. അവസരവാദ സമീപനത്തോട് യോജിപ്പില്ലെന്നും സി.പി.എം നേതാവ് എം.വി.ഗോവിന്ദൻ വ്യക്തമാക്കി. 

അതേസമയം നരേന്ദ്രമോദിയുടെ നേതൃത്വം അംഗീകരിക്കുന്ന ആര്‍ക്കും മുന്നണിയിലേക്ക് വരാമെന്ന നിലപാടുമായി എൻഡിഎ ജോസ് പക്ഷത്തിന് മുന്നിൽ വാതിൽ തുറന്നിട്ടിട്ടുണ്ട്. യുഡിഎഫ് നേതൃത്വമെടുത്ത തീരുമാനത്തിൽ ഞെട്ടലുണ്ടെങ്കിലും പാര്‍ട്ടി വഴിയാധാരം ആകുമെന്ന് ആരും കരുതേണ്ടെന്ന് ഉറപ്പിച്ച് നിൽക്കുകയാണ് ജോസ് കെ മാണി വിഭാഗം. അതേ സമയം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ഉടലെടുത്ത വിവാദത്തിന് ഒടുവിൽ ജോസ് വിഭാഗത്തെ യുഡിഎഫ് പുറത്താക്കിയതിന്റെ വലിയ ആത്മ വിശ്വാസത്തിലാണ് പിജെ ജോസഫ് വിഭാഗം