പാലാ: പാലാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത തള്ളതെ ജോസ് കെ മാണി. വിജയസാധ്യത പ്രധാനമായും കണക്കിലെടുക്കുമെന്നും രണ്ട് ദിവസത്തിനുള്ളിൽ സ്ഥാനാർത്ഥിയെ തീരുമാനിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.

പിജെ ജോസഫുമായി ചർച്ചകളൊന്നും നടത്തില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി. അതേസമയം, മത്സരിക്കുമോ എന്ന ചോദ്യത്തിന് ചർച്ചകൾ നടക്കുന്നെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. യുഡിഎഫിലുണ്ടാക്കിയ ധാരണകള്‍ക്ക് വിരുദ്ധമായാണ് പി ജെ ജോസഫ്  വിഭാഗം യോഗം ചേര്‍ന്നതെന്ന് കഴിഞ്ഞ ദിവസം ജോസ് കെ മാണി പറഞ്ഞിരുന്നു.

ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി കേരളാ കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ്, വിജയസാധ്യത കണക്കിലെടുത്തു കൊണ്ട് സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി അറിയിച്ചിരിക്കുന്നത്.

അതേസമയം, യുഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിൽ വോട്ടർമാരുടെ വികാരം പരിഗണിച്ച് പൊതുസമ്മതനായ സ്ഥാനാർത്ഥി പാലായിൽ വരണമെന്ന് മുൻ എംപിയും കേരള കോൺഗ്രസ് നേതാവുമായ ജോയ് എബ്രഹാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കെഎം മാണി ആരെയും ശത്രുവായി കണ്ടിട്ടില്ല, അതിന് വിരുദ്ധമായ ശൈലി ആരെങ്കിലും സ്വീകരിച്ചാൽ അതിന്റെ ഗുണദോഷം അവർക്ക് തന്നെ അനുഭവിക്കാം. ചിലരുടെ ദുരഭിമാനം കൊണ്ടുള്ള പ്രശ്നമേ കേരള കോൺഗ്രസിൽ ഉള്ളൂവെന്നും ജോയ് എബ്രഹാം പറഞ്ഞു.