കോട്ടയം/ പാലാ: പാലാ ഉപതെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശ വേദിയിൽ നിന്ന് ഒഴിഞ്ഞുമാറി പിജെ ജോസഫ്. മുന്നണികൾ കൊട്ടിക്കലാശം ആഘോഷമാക്കിയപ്പോൾ മുൻ നിര നേതാക്കളെല്ലാം പാലായിൽ എത്തിയിരുന്നു. ജോസഫ് ജോസ് കെ മാണി വിഭാഗങ്ങൾ തമ്മിലുള്ള തര്‍ക്കം നിലനിൽക്കുകയും പലതവണ അനുനയ ചര്‍ച്ചകൾ യുഡിഎഫ് നേതാക്കൾ ഇടപെട്ട് നടത്തുകയും ചെയ്തെങ്കിലും മുഴുവൻ പ്രശ്നപരിഹാരമായില്ല എന്ന സൂചനകൾ നൽകും വിധമായിരുന്നു പിജെ ജോസഫിന്‍റെ അസാന്നിധ്യം. 

പാലായിൽ യുഡിഎഫിന് വിജയം ഉറപ്പാണെന്ന് കൊട്ടിക്കലാശ വേദിയിലും ജോസ് കെ മാണി ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം പിജെ ജോസഫിന്‍റെ അസാന്നിധ്യത്തെ കുറിച്ച് ചോദിച്ചപ്പോൾ നേതാക്കൾ പലരും കുടുംബ യോഗങ്ങളുടെ തിരക്കിലാണെന്നായിരുന്നു മറുപടി. കൊട്ടിക്കലാശത്തിന് എത്തില്ലെന്ന് അറിയിച്ചിരുന്നോ എന്ന ചോദ്യത്തിനും കുടുംബയോഗങ്ങളുടെ തിരക്കാണെന്ന മറുപടി മാത്രമാണ് ജോസ് കെ മാണി നൽകിയത്