ആൾക്കൂട്ടമില്ലാതെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെല്ലാം പ്രത്യേകം ഇരിപ്പിടങ്ങള്‍ ആയിരുന്നു മലബാര്‍ മേഖല യോഗത്തില്‍ ഉണ്ടായിരുന്നത്. കണ്ട് പരിചയിച്ച രീതികളില്‍ നിന്നും മാറി സഞ്ചരിക്കുകയാണ് കേരള കോൺഗ്രസും. 

കോഴിക്കോട്: കേരള കോൺഗ്രസും (kerala congress) സെമി കേഡർ സംവിധാനത്തിലേക്കെന്ന് ജോസ് കെ മാണി (Jose k mani). പാർട്ടിയില്‍ അച്ചടക്കം ഉറപ്പാക്കും. മറ്റ് പാര്‍ട്ടികളില്‍ നിന്നുളള നേതാക്കള്‍ക്കൊപ്പം വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരും പാര്‍ട്ടിയുടെ ഭാഗമാകുമെന്നും ജോസ് കെ മാണി പറഞ്ഞു. കോഴിക്കോട്ട് നടന്ന മലബാര്‍ മേഖല യോഗത്തിലാണ് പാര്‍ട്ടിയുടെ നയം മാറ്റം ജോസ് കെ മാണി പ്രഖ്യാപിച്ചത്. 

ആൾക്കൂട്ടമില്ലാതെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെല്ലാം പ്രത്യേകം ഇരിപ്പിടങ്ങള്‍ ആയിരുന്നു മലബാര്‍ മേഖല യോഗത്തില്‍ ഉണ്ടായിരുന്നത്. കണ്ട് പരിചയിച്ച രീതികളില്‍ നിന്നും മാറി സഞ്ചരിക്കുകയാണ് കേരള കോൺഗ്രസും. കോഴിക്കോട്ട് നടന്ന മലബാര്‍ മേഖലാ കണ്‍വെന്‍ഷന്‍ പാര്‍ട്ടിയുടെ പുതിയ പ്രവര്‍ത്തന രീതിയുടെ വിളംബര വേദിയായി കൂടി മാറി. പുതിയ മുന്നണിയുടെ ഭാഗമായ പശ്ചാത്തലത്തിലാണ് ഈ ശൈലീ മാറ്റമെന്ന് നേതാക്കള്‍ വ്യക്തമാക്കി. 

പാർട്ടിയുടെ അമ്പത്തിയേഴാം വാർഷിക ദിനമായ വരുന്ന ഒക്ടോബർ ഒന്‍പതിന് വെബ്സൈറ്റിലൂടെയുള്ള മെമ്പർഷിപ്പ് വിതരണം തുടങ്ങും. അനുഭാവികൾക്കും പ്രവർത്തകർക്കും വെവ്വേറെയാകും അംഗത്വ വിതരണം. ക്ഷേത്ര ജീവനക്കാർ മുതല്‍ ഐടി പ്രൊഫഷണലുകൾ വരെയുള്ളവരുടെ പ്രത്യേകം യോഗങ്ങളും മെംബര്‍ഷിപ്പ് ക്യാംപെയ്ന്‍റെ മുന്നോടിയായി സംഘടിപ്പിക്കുന്നുണ്ട്.