കോട്ടയം: വ്യക്തികള്‍ക്കെതിരായ കേസുകള്‍ മുന്‍നിര്‍ത്തി എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് പ്രതിപക്ഷത്തിന്റ ശ്രമമെന്നും ഇത് വിലപ്പോകില്ലെന്നും ജോസ് കെ മാണി. സംവരണവിഷയത്തില്‍ മലക്കംമറിഞ്ഞതിന്റെ ജാള്യത മറയ്ക്കാനും, തിരഞ്ഞെടുപ്പുകള്‍ അടുത്തതോടെ സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികളില്‍ നിന്നും ശ്രദ്ധതിരിക്കാനുമുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്നും ജോസ് കെ മാണി ആരോപിച്ചു. ഇടത് മുന്നണി പ്രവേശനം നേടിയതിന് പിന്നാലെയാണ് പ്രതിപക്ഷത്തിനെതിരായ ജോസ് കെ മാണിയുടെ പ്രതികരണം.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കള്ളപ്പണകേസിലും സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ ബെംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടും എൻഫോഴ്സ്മെന്റ്  കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബിജെപിയും കോൺഗ്രസ് അടക്കമുള്ള യുഡിഎഫും വിഷയം ഉയർത്തി സർക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ജോസ് കെ മാണിയുടെ പ്രതികരണം. സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് വ്യക്തികള്‍ക്കെതിരായ കേസുകള്‍ മുന്‍നിര്‍ത്തി പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം  ആരോപിച്ചു.