പേ വിഷബാധ സ്ഥിരീകരിക്കുന്ന പ്രദേശത്തെ മുഴുവൻ തെരുവ് നായ്ക്കളെയും പിടികൂടി കൊല്ലണം എന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു
കോട്ടയം: കേരളത്തിലെ അതിരൂക്ഷമായ വന്യജീവി, തെരുവ് നായ ആക്രമണ ഭീഷണി ചർച്ച ചെയ്യാൻ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണം എന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു. മനുഷ്യ സുരക്ഷ ഉറപ്പാക്കാൻ നിയമ ഭേദഗതിയും നിയമനിർമ്മാണവും നടത്തണം എന്നും കേരള കോൺഗ്രസ് ആവശ്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. പേ വിഷബാധ സ്ഥിരീകരിക്കുന്ന പ്രദേശത്തെ മുഴുവൻ തെരുവ് നായ്ക്കളെയും പിടികൂടി കൊല്ലണം എന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.
വിശദ വിവരങ്ങൾ
സംസ്ഥാനത്ത് അതിരൂക്ഷമായ വന്യജീവി തെരുവ് നായ ആക്രമണത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന ആവശ്യമാണ് കേരള കോൺഗ്രസ് മുന്നോട്ട് വയ്ക്കുന്നത്. വിഷയത്തിൽ നിയമനിർമ്മാണം നടത്തണം എന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി എം പി മുഖ്യമന്ത്രിക്ക് കത്തയച്ചു. ഈ വിഷയത്തിൽ ഭരണ - പ്രതിപക്ഷ വ്യത്യാസമില്ലാതെ മുഴുവൻ കക്ഷികളും ഒന്നിച്ചു നിൽക്കണമെന്നും കേരള കോൺഗ്രസ് ആവശ്യപ്പെടുന്നു. സംസ്ഥാനം നേരിടുന്ന രൂക്ഷമായ പ്രതിസന്ധിയിൽ വിശദമായ ചർച്ച ആവശ്യപ്പെടുകയാണ് ഭരണമുന്നണിയിലെ മൂന്നാമത്തെ കക്ഷി എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞദിവസം നടന്ന കേരളത്തിൽ നിന്നുള്ള എം പിമാരുടെ കോൺക്ലാവിലും വന്യജീവി ആക്രമണവും തെരുവുനായ ശല്യവും ജോസ് കെ മാണി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. കഴിഞ്ഞ കുറെ നാളുകളായി മലയോരമേഖല നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമ ഭേദഗതിയും നിയമനിർമാണവും നടത്തണമെന്ന് കേരള കോൺഗ്രസ് എം ആവശ്യപ്പെടുന്നുണ്ട്. ഇതിനൊപ്പം തെരുവുനായ ശല്യം കൂടി ചർച്ച ആക്കണമെന്നാണ് പുതിയ ആവശ്യം. തെരുവ് നായയെന്നോ വളർത്തു നായകളെന്നോ വേർതിരിവില്ലാതെ ഉടമസ്ഥരില്ലാത്ത മുഴുവൻ നായകളെയും കൂട്ടിലാക്കണം. പേ വിഷബാധ സ്ഥിരീകരിക്കുന്ന പ്രദേശത്തെ മുഴുവൻ തെരുവ് നായകളെയും പിടികൂടി കൊല്ലണം. പക്ഷിപ്പനി ബാധിക്കുമ്പോൾ ആ പ്രദേശത്തെ മുഴുവൻ പക്ഷികളെയും കൊന്നുകളയുന്ന രീതി ഇക്കാര്യത്തിൽ മാതൃകയാക്കണം തുടങ്ങുകയാണ് ജോസ് കെ മാണി മുന്നോട്ടുവയ്ക്കുന്നത്. മലയോര മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വന്യജീവി നിയമത്തിലെ ഭേദഗതി സാധ്യതകളും പഠിക്കുന്നതിലും കേരള കോൺഗ്രസ് എം മുമ്പ് ഒരു വിദഗ്ധസമിതി നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോർട്ട് പാർട്ടിയുടെ എം എൽ എമാർ സഭയിൽ ഉന്നയിക്കും. ഈ നിർദ്ദേശങ്ങൾ കൂടി കണക്കിലെടുത്ത് ഭരണ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചു നിന്ന് നിയമഭേദഗതിയെ പിന്തുണയ്ക്കണം എന്നാണ് കേരള കോൺഗ്രസ് എം ന്റെ ആവശ്യം.


